Sunday, February 27, 2011

ആത്മഹത്യ ചെയ്യുന്നവരോട് ...

ജയന്,
ഇത് നിനക്കുള്ള സ്മരണാന്ജലിയല്ല
ഇത് നിന്റെ മരണത്തില്‍ മനം നൊന്ത്
ഞാനെഴുതും വിലാപകാവ്യമല്ല
ഇത് വേറിട്ട ഒരു മരണക്കാഴ്ച.

" അര മണിക്കൂര്‍ കഴിഞ്ഞെന്റെ
വീട്ടില്‍ വരണം" നിന്‍ സന്ദേശം,
സാധാരണ പോലൊരു രണ്ടാം sms
വരുമെന്ന് ഞാനും കാത്തിരുന്നു.

പകരം വന്നത് തമാശ നിറഞ്ഞൊരു
sms ക്ലൈമാക്സ്‌ "ജെ.പി. മരിച്ചു "
പിന്നെ ഫോണ്‍വന്നു, ജെ.പി തൂങ്ങി,
മകളുടെ ഊഞ്ഞാലിന്‍ പ്ലാസ്റ്റിക്‌ കയറിന്മേല്‍.

അന്ന് രാത്രി നീ മോര്‍ച്ചറിയില്‍
ട്രെയിനിനു തലവച്ച തമിഴനോടൊപ്പം.
പിറ്റേന്ന് തലകീറി , തുന്നിചേര്‍ത്ത്
വെള്ള പുതച്ച് നിന്‍ തറവാട്ടിലേക്ക്.

നിന്റെ റീന പോലും ഒരിറ്റു കണ്ണീര്‍
നിന്‍ വിധിയോര്‍ത്ത് പൊഴിച്ചതില്ല.
അല്ലെങ്കില്‍ തന്നെ എന്ത് വിധി?
"വിഷാദ"മെന്ന പേരില്‍ വലിച്ചിട്ടതല്ലേ !

സമരമുഖങ്ങളില്‍ തോള്‍ ഒത്തു നിന്നു,
കൂട്ടുകാര്‍ കൂടുമ്പോള്‍ നേതാവായി നിന്നു.
പറഞ്ഞില്ലറിഞ്ഞില്ല, നമ്മളൊന്നും,
ഇതാണ് സൗഹൃദം നിന്റെ കണ്ണില്‍ !

എന്നും എവിടെയും ഒന്നാമതായി നിന്ന
നിന്റെ മോള്‍ ഇന്നൊരു പിന്നോക്കക്കാരി .
റീനയേം നിസ്സംഗയാക്കി നീ പോയിട്ട്
എന്ത് നേടി, ആരെ നീ തോല്പിച്ചു?

ജയാ, പറയുക, നിന്റെ കൂടെയുള്ളവരോട്‌
പൊഴിക്കില്ല കണ്ണീര്‍ നിങ്ങളെയോര്‍ത്ത്
ഓര്‍ക്കുന്നത് നിങ്ങടെ നാവു കടിച്ചുള്ള,
നുര വന്ന, തലയറ്റ വികൃത മുഖം മാത്രം.

(ഭാര്യയെയും, മിടുക്കിയായ മോളെയും ഇട്ട് എറിഞ്ഞ് എല്ലാ സൌഭാഗ്യങ്ങളുടെയും സന്തോഷത്തിന്റെയും ഇടയില്‍ നിന്നു യാത്രയായ ജയപ്രകാശിന് ഒരു സുഹൃത്തിന്റെ കത്ത് ...)

No comments:

Post a Comment