Wednesday, November 11, 2009

അരീക്കോട് -തേക്കടി ദുരന്തങ്ങളും ഒരു രാജാവിന്റെ നീതിയും…

അരീക്കോട് തോണിയപകടം മലയാളിയുടെ കണ്ണുകളെ ഈറനണിയിച്ചു. ഒരു ജനത മുഴുവനും തങ്ങളുടെ പ്രാര്ത്ഥനകളില്‍ എട്ട് കുഞ്ഞുങ്ങളുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു. മന്ത്രിമാരും രാഷ്ട്രീയക്കാരും വീടുകള്‍ തോറും കയറിയിറങ്ങി കുറെ വാഗ്ദാനങ്ങളള്‍ നല്കി- ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം! പിന്നെ ഒരു തൂക്കുപാലവും.

ഉപതെരഞ്ഞെടുപ്പിന്റെ ഫലവും തുടര്‍ന്നുള്ള വാദകോലാഹലങ്ങളും വന്നപ്പോള്‍ എല്ലാവരും ആ എട്ട് കുടുംബങ്ങളെ മറന്നു.
അമ്മമാരുടെ-ഉമ്മമാരുടെ കണ്ണീര് ഉണങ്ങും മുമ്പെ നാം എത്ര പെട്ടെന്നു എല്ലാം മറക്കുന്നു?! തേക്കടി ദുരന്തം മറന്നില്ലെ? എന്തായി അതിന്റെ അന്വേഷണം? തട്ടേക്കാട് ദുരന്തം മറന്നില്ലെ? എന്തായി അതിന്റെ അന്വേഷണം? പ്രഖ്യാപനങ്ങളില്‍ എത്രയെണ്ണം ഭരണാധികാരികള്‍( അത് ആരുമാവട്ടെ, അഞ്ചുകൊല്ലത്തില് കൂടുതല് ആരും തുടര്ചചയായി കേരളം ഭരിക്കാറില്ലല്ലോ ) നിറവേറ്റി? ഓരോ ദുരന്തവും കഴിയുമ്പോള്‍ കുറേ മുന്‍കരുതല്‍ നടപടികള്‍ പറയാറുണ്ടല്ലോ! എത്രയെണ്ണം നടപ്പിലായി? എത്ര പ്രതികള് ശിക്ഷിക്കപ്പെട്ടു? യഥാര്‌ത്ഥ പ്രതികള് നിയമത്തിന് മുന്നില്‍ എത്താറുണ്ടോ?

ഇപ്പോള്‍ ഒരു രാജാവിന്റെ കഥ ഓര്‍മ്മ വരുന്നു.

ഒരിക്കലൊരു രാജാവിന്റെ കൊട്ടാരത്തില്‍ ഒരു സ്ത്രീ പരാതിയുമായി വന്നു.

സ്ത്രീ:“പ്രഭോ, അയല്‍വാസിയുടെ മതിലിടിഞ്ഞുവീണ് അടിയന്റെ പശു ചത്തു. അടിയന്റെ ഏക വരുമാനമാര്‍ഗ്ഗം ഇല്ലാതായി. അടിയന് നീതി വേണം”

രാജാവ്: “ഉടന്‍ ഇവരുടെ അയല്‍ക്കാരനെ കൊണ്ടുവരൂ..”
ഭടന്മാര്‍ അയല്‍ക്കാരനെ പിടിച്ചു കൊണ്ടുവന്നു.

രാജാവ്:“നിന്റെ മതില്‍ ഇടിഞ്ഞു വീണ് ഈ സ്ത്രീയുടെ പശു ചത്തു. നീ കുറ്റക്കാരനാണ്”

അയല്‍‌വാസി:“പ്രഭോ, മതിലു പണിത കല്പ്പണിക്കാരനാണ് കുറ്റക്കാര്ന്‍. അവന്‍ നല്ല ഉറപ്പിലല്ല മതിലു പണിതത്.“

രാജാവ്:“എങ്കില്‍ ഉടനെ ആ കല്പണിക്കാരനെ കൊണ്ടുവരൂ..“
ഭടന്മാര് കല്പണിക്കാരനെ പിടിച്ചു കൊണ്ടുവന്നു.

രാജാവ്:“നീ പണിത മതില്‍ ഇടിഞ്ഞ് ഈ സ്ത്രീയുടെ പശു ചത്തു. നിനക്കെന്ത് പറയാനുണ്ട്?“

കല്പണിക്കാരന്‍: “മണ്ണു കുഴച്ചവനാണ് കുറ്റക്കാരന്‍. അതുകൊണ്ടാണ് മതിലിന്റെ കല്ലുകള്‍ ഇടിഞ്ഞത്.“

രാജാവ്: “വേഗം മണ്ണു കുഴച്ചവനെ കൊണ്ടുവരൂ…“
ഭടന്മാര്‍ അവനെ പിടിച്ചു കൊണ്ടുവന്നു.

രാജാവ്: “നീ മണ്ണു കുഴച്ചത് ശരിയായില്ല. അതുകൊണ്ട് മതിലിടിഞ്ഞ് ഈ സ്ത്രീയുടെ പശു ചത്തു. നിനക്കെന്ത് സമാധാനം പറയാനുണ്ട്?“

അവന്‍: “പ്രഭോ, അടിയന് മണ്ണുകുഴച്ചപ്പോള്‍ വെള്ളം ഒഴിച്ച പണിക്കാരിയാണ് കുറ്റക്കാരി! അവള് ആവശ്യത്തിന് വെള്ളം ചേര്‌ത്തിരുന്നെങ്കില്‍ മതില് വീഴില്ലായിരുന്നു“

രാജാവ് കല്പിച്ചു, ഭടന്മാര് വെള്ളമൊഴിച്ച പണിക്കാരിയെ പിടിച്ചു കൊണ്ടുവന്നു.
രാജാവ്: “മണ്ണുകുഴച്ചപ്പോള്‍ നീ ആവശ്യത്തിന് വെള്ളം ചേര്‍ക്കാത്തതുകൊണ്ട് മതിലിടിഞ്ഞ് ഇവരുടെ പശു ചത്തു. നീയാണ് കുറ്റക്കാരി!“

പണിക്കാരി: “പ്രഭോ, അടിയന്‍ വെള്ളമെടുക്കാന്‍ വന്നപ്പോള്‍ ആ പൊയ്കയില്‍ അവിടുന്ന് നീരാട്ടിന് ഇറങ്ങിയിരിക്കുകയായിരുന്നു. അതുകൊണ്ടാണ് അടിയന് വെള്ളം ആവശ്യത്തിന് എടുക്കാന്‍ കഴിയാത്തത്!!!“

ഞെട്ടിപ്പോയ രാജാവ് ഉടനെ മന്ത്രിയുമായി കൂടിയാലോചിച്ചു.

രാജാവ്: “മന്ത്രീ, അവസാനം ഞാന്‍ ആയോ കുറ്റക്കാരന്‍?“

മന്ത്രി: “അതേ പ്രഭോ, കേട്ടിടത്തോളം അവിടുന്നാണ് കുറ്റവാളി.“

രാജാവ്: “ഇനി എന്തു ചെയ്യും? ഇന്നുമുതല്‍ ഈ രാജ്യത്തില് മതിലിടിഞ്ഞ് വീഴുന്നത് ഒരു കുറ്റമായിരിക്കുന്നതല്ല എന്നൊരു വിളംബരം പുറപ്പെടുവിച്ചാലോ?“

മന്ത്രി: “അതുകൊണ്ടായില്ല പ്രഭോ, ജനങ്ങള് ബഹളം ഉണ്ടാക്കും.“

രാജാവ്: “പിന്നെ എന്തു ചെയ്യും?“

മന്ത്രി: “അന്നു അങ്ങയെ പൊയ്കയിലേക്കു കൊണ്ടുപോയ തേരിന്റെ സാരഥിയെ ശിക്ഷിക്കണം. അവനന്ന് മറ്റേതെങ്കിലും പൊയ്കയിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നല്ലോ?!“

അങ്ങനെ മതിലിടിഞ്ഞു വീണ് പശു ചത്ത കുറ്റത്തിന് രാജാവിന്റെ സാരഥിയെ രണ്ട് വര്‌ഷം തടവിന് വിധിച്ചു.

സുഹ്രുത്തുക്കളേ,

ഇനി ഒരു ദുരന്തം കൂടി ഉണ്ടാവാതിരിക്കാന് പ്രാര്ത്ഥിക്കാം,

മക്കള് നഷ്ടപ്പെടുന്ന അമ്മമാരെപ്പറ്റി ഓര്ത്തുകൊണ്ട്…

ശിക്ഷിക്കപ്പെടുന്ന കാരിയേയും കൂരിയേയും പോലുള്ള ചെറു മീനുകളെപ്പറ്റി ഓര്ത്തുകൊണ്ട്.…

ജയ് ഹിന്ദ്.

Wednesday, October 21, 2009

ഒരു കൊച്ചു സിനിമയും കുറേ വേദനകളും..

ഒരു സുപ്രഭാതത്തില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്തു ചെയ്യും?
പഠിച്ചത് ഡിഗ്രിയും ബി.എഡും. ഇതുവരെ ഒരു സിനിമാ ഷൂട്ടിങ് കണ്ടിട്ടില്ല. കഥ കൈയിലില്ല. തിരക്കഥ എന്താണെന്ന് എം.ടി,യുടെ വടക്കന്‍ വീരഗാഥ വായിച്ചുള്ള അറിവ് മാത്രമേ ഉള്ളു. എഡിറ്റിങ്, ഡബ്ബിങ്, റഷസ്, പ്രൊഡക്ഷന്‍ യൂണിറ്റ്, എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. എങ്കിലും ഞങ്ങളുടെ ഹെഡ്‌മാസ്റ്റര്‍ “കുട്ടികളുടെ ഒരു സിനിമ “ നിര്‍മ്മിക്കാമോ എന്നു ചോദിച്ചപ്പോള്‍ അതൊരു വെല്ലുവിളി പോലെ ഏറ്റെടുത്തു. ബഹു. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച “കാഴ്ച” ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി അവാര്‍‌ഡ് നേടിയ “തിരകള്‍ പറയാന്‍ മറന്നത് “ എന്ന ഒരു ചെറു സിനിമയുടെ പിന്നിലുള്ള വേദനകളെപ്പറ്റി കുറച്ച് വാക്കുകള്‍…..
ഒരു വലിയ കമ്മിറ്റി രൂപീകരണം ആദ്യം നടന്നു. യൂണിയന്‍ അടിസ്ഥാനത്തില്‍ ഓരോ ചുമതല ഏറ്റെടുക്കാന്‍ ആളുകളുടെ തിരക്കായിരുന്നു. പക്ഷെ ഇവരില്‍ അപൂര്‍വ്വം ചിലര്‍ മാത്രമെ ഷൂട്ടിങ് സ്ഥലത്ത് എത്തിയുള്ളു എന്നത് എനിക്ക് അത്ഭുതമായിരുന്നില്ല.
മുന്നൊരുക്കം എന്നനിലയില്‍ നാലു ദിവസം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമാ നിര്‍‌മ്മാണത്തെപ്പറ്റി ഒരു വര്‍‌ക്ക്ഷോപ്പ് നല്‍കിയിരുന്നു. മോഹനനും, വാസുദേവനും പിന്നെ രണ്ട് കുട്ടികളും അതില്‍ പങ്കെടുത്തു. സ്വാമി അയ്യപ്പന്‍ സീരിയലിന്റെ ഷൂട്ടിങ് അവിടെ നടക്കുന്നുണ്ടായിരുന്നു. അതു കണ്ടുള്ള അറിവും പിന്നെ കെ.കെ.ചന്ദ്രന്‍സാറിനെ പോലെയുള്ളവരുടെ ക്ലാസും ആണ്‍ ഊര്‍ജ്ജം
തിരക്കഥ എഴുതുവാനുള്ള ശ്രമമായി പിന്നീട്. വാസുദേവന്‍ പറഞ്ഞത് ഹ്യൂഗൊവിന്റെ “പാവങ്ങള്‍” സിനിമയാക്കിയാലോ എന്നാണ്‍. ഞാന്‍ വീട്ടില്‍ കിടന്ന് ആലോചിച്ചു’ അതെങ്ങനെ പ്രായോഗികമാകും? എന്റെ സ്കൂളിന്റെ പശ്ചാത്തലം ഇതിനു പറ്റുമൊ? സാധാരണക്കാരായ മീന്‍‌പിടുത്തക്കാരുടെ മക്കള്‍ പഠിക്കുന്നിടത്ത് എങ്ങനെ ഒരു ക്ലാസിക് ചിത്രീകരിക്കും?’
അങ്ങനെ ഞാന്‍ ഒരു ചൂണ്ടയിട്ടു കൊടുത്തു” വാസു മാഷെ, നമ്മുടെ ഒരു കുട്ടി പാവങ്ങള്‍ സിനിമയാക്കാന്‍ ശ്രമിക്കുന്നു എന്നു വിചാരിക്കുക. അവന്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വരില്ലെ? അങ്ങനെ ഒന്നു ചിന്തിച്ചാലോ?”
മോഹനനും അതു പിടിച്ചു.അങ്ങനെ കഥയുടെ ബീജം തീരുമാനമായി.
അവര്‍ തിരുവനന്തപുരത്തു നിന്നു തിരിച്ചു വന്നു. പക്ഷെ ഒരു കുഴപ്പം പറ്റി. സിനിമാ നിര്‍മ്മാണസമിതി കണ്‌വീനര്‍ ആയ വാസുദേവന്‍ മാസ്റ്റര്‍‌ക്ക് വീണ്ടും ഡിസ്ക് തകരാറിലായി. അതോടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഏകോപനവും തകരാറിലായി.
തിരക്കഥയെഴുതുവാന്‍ ഞങ്ങള്‍ വാസുദേവന്റെ വീട്ടില്‍ ഒരുമിച്ചു കൂടി. അതിനു മുമ്പ് തന്നെ ഫോണിലൂടെ കഥയുടെ രൂപം ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു. പത്ത് .ജെ യിലെ ഷഫീഖ് മരിച്ചതിന്റെ അവധി ദിവസമാണ്‍ ‍ കഥയെഴുതാന്‍ ഞങ്ങള്‍ ഒരുമിച്ചു കൂടിയത്.
ഒരുപാട് പ്രതീക്ഷയോടെ തുടങ്ങി. ഒരാള്‍ സീനുകള്‍ പറയുന്നു, പ്രൊഡക്ഷന്‍ ഡിസൈനറ് സുരേഷ് ഓരോ സീനിനും ആവശ്യമായ സാമഗ്രികള്‍ എഴുതുന്നു, മട്ടുള്ളവര്‍ ആവശ്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നു “അവിടെ ഒരു റാന്തല്‍ തൂക്കിയാല്‍ നന്നാവും..” എന്നൊക്കെ.
ഇടയിലെപ്പോഴോ സുരേഷ് പൊട്ടിത്തെറിക്കുന്നു. “എനിക്ക് നിങ്ങള്‍ പറയുന്നതൊന്നും മനസ്സിലാകുന്നില്ല. എനിക്കിതില്‍ മാനസീകമായി മുഴുകാന്‍ പറ്റുന്നില്ല. നിങ്ങള്‍ കുറെ ആളുകള്‍ ചേര്‍‌ന്ന് എന്തോ കഥയുണ്ടാക്കി. ഞാന്‍ പലതവണ ചോദിച്ചു എന്തായി സിനിമയെന്ന്, പക്ഷെ വാസു മാഷ് ഒരു അക്ഷരം പോലും മറുപടി പറഞ്ഞില്ല.”
എല്ലാവരും ആകെ വിഷണ്ണരായി. എന്തും പോസിറ്റീവായി കാണുന്ന ബേബി മാസ്റ്റര്‍ പോലും പറഞ്ഞു. “വാസു, ഇതു കോ-ഓര്‍‌ഡിനേറ്റു ചെയ്യുന്നതില്‍ നിനക്ക് പറ്റിയ പാളിച്ചയാണിത്.”
അന്നത്തെ തിരക്കഥയെഴുത്ത് അവസാനിപ്പിച്ചു,
പിന്നെ ക്രിസ്തുമസ് വെക്കേഷന്‍ ആയി. ഞാന്‍ ഒറ്റക്കിരുന്ന് സീന്‍ ബൈ സീന്‍ എഴുതി ഒരു ഏകദേശ രൂപമാക്കിയിരുന്നു. ഞാനും വാസുമാഷും പിന്നെ പ്രമോദും മോഹനനും ഒരുമിച്ചിരുന്ന് മെച്ചപ്പെടുത്തി. സീനുകളും സംഭാഷണങ്ങളും എഴുതി, വെട്ടി,തിരുത്തി. ഒരു അവതരണഗാനത്തിനും കവിതയ്ക്കും ഉള്ള സ്ഥാനം കണ്ടെത്തി. കവിതയെഴുതാന്‍ പ്രമോദിനെ ഉത്തേജിപ്പിച്ചു. പിറ്റേന്നു മൂപ്പര്‍ രണ്ട് നല്ല കവിതകളുമായി എത്തി. (ആ സിനിമയുടെ ഹൈലൈറ്റ് എന്നത് പ്രമോദിന്റെ രണ്ട് കവിതകളാണ്‍)
അങ്ങനെ വാസുമാഷിന്റെ വീട്ടിലിരുന്ന് തിരക്കഥ പൂര്‍‌ണ്ണമാക്കി. ആദ്യം മുതല് അവസാനം വരെ എന്റെ കൈപ്പടയില്‍ എഴുതിയ ആ തിരക്കഥ ഞാന്‍ ഒത്തിരി തവണ സംത്രപ്തിയോടെ നോക്കി നിന്നിട്ടുണ്ട്. എന്റെ മോനെ ആദ്യമായി കാണുന്നപോലെ!
സാമ്പത്തീകം ഒരു പ്രശ്നം തന്നെയായിരുന്നു. എല്ലാ അദ്ധ്യാപകരും 100 രൂപ വീതം എടുത്തും കുട്ടികള്‍ കഴിയുന്നവരൊക്കെ 10 രൂപ വീതമെടുത്തും 15000 രൂപ സംഘടിപ്പിച്ചു. ഫിനാന്‍സ് കമ്മിറ്റി മാനെജര്‍മാരായ താജുദ്ദീനും ബേബിമാഷും ധൈര്യം തന്നു. അങ്ങനെ ഷൂട്ടിങ് ആരംഭിച്ചു. അഭിനേതാക്കളെ കണ്ടെത്തിയതും, ലൊക്കേഷന്‍ നിശ്ചയിച്ചതും ഒക്കെ പെട്ടെന്നായിരുന്നു. സ്കൂളും, തൊട്ടടുത്തുള്ള ഒരു ചോരുന്നകൂരയും, കടപ്പുറവും, വീടുകളും ചായക്കടയും ഒക്കെ മനസ്സില്‍ കണ്ടപോലെ തന്നെ ഒത്തു കിട്ടി.ഒരു നാടും നാട്ടുകാരും കുട്ടികളും കുറെ സുമനസ്സുകളും ഞങ്ങള്‍‌ക്ക് ഒപ്പം നിന്നു. രാത്രി 12 മണി വരെ ഷൂട്ടിങ് നീണ്ടുപോയിട്ടുണ്ട്, ജനറേറ്റര്‍ ഓണാകാതെ ഷൂട്ടിങ് വൈകിയിട്ടുണ്ട്. അപ്പൊഴൊക്കെ ക്ഷമയോടെ ക്യാമറാമാന്‍ ഷമീറും സഹായി അക്ബറും ഞങ്ങള്‍ക്ക് വഴികാട്ടി തന്നിരുന്നു.
ഇടക്ക് പലപ്പോഴും പൊട്ടിത്തെറിക്കണം എന്നു തോന്നിയിട്ടുണ്ട്. പിടിവാശികളും,ഈഗോപ്രശ്നങ്ങളും, കുത്തിത്തിരിപ്പുകളും രസം പിടിക്കലുകളും കണ്ടു മടുത്തു.
അങ്ങനെ എങ്ങനെയൊക്കെയോ ഷൂട്ടിങ് പ്രധാന സീനുകള്‍ പൂര്‍ത്തിയാക്കി. ഇനി വേണ്ടത് അവതരണഗാനവും പിന്നെ കവിതയും റെക്കോര്‍ഡ് ചെയ്യണം, അതിനു വേണ്ട സീനുകള്‍ ഷൂട്ട് ചെയ്യണം. സിനിമ ജാനുവരി 15-ന്‍ മുന്‍പ് തിരുവനന്തപുരത്തെത്തിക്കണം.
സഹായവാഗ്ദാനവുമായി മീനടീച്ചറെത്തി. ടീച്ചറുടെ അനുജത്തിയുടെ ഭര്‍ത്താവ് പ്രശസ്ത സംഗീത സംവിധായകനും ഗായകനും ആയ ജെയ്സണ്‍.ജെ.നായര്‍ ലിറിക്സ് അയച്ചുതന്നാല്‍ പാടി റെക്കോര്‍ഡ് ചെയ്ത് സി.ഡി അയച്ചു തരാം എന്നു പറഞ്ഞിരിക്കുന്നു.! വല്യ ആശ്വാസമായി. ഉടന്‍ വരികളും സിറ്റ്വേഷനും എത്തിച്ച് കൊടുത്തു.
പിറ്റേന്ന് ക്യാമറാമാന്‍ പറഞ്ഞു.” പാട്ടിന്റെ റിതം കിട്ടാതെ സീനുകള്‍ ഷൂട്ട് ചെയ്യാനും സെലെക്റ്റ് ചെയ്യാനും ആവില്ല.” ഞങ്ങളാകെ ബേജാറിലായി. ജെയ്സണ്‍ ആണെങ്കില്‍ മറ്റ് തിരക്കുമായി തിരുവനന്തപുരത്തുമാണ്. അങ്ങനെ തിരൂര്‍ തന്നെ എഡിറ്റിങ് സ്റ്റുഡിയോയുടെ അനുബന്ധ സ്ഥാപനത്തില്‍ ഞങ്ങളുടെ ശശി മാഷ് ഈണം പകര്‍ന്ന് സ്കൂളിലെ കുട്ടികള്‍ തന്നെ പാടി അവതരണഗാനവും, സുരേഷ് മാഷ് പാടി കവിതയും റെക്കോര്‍ഡ് ചെയ്തു. ഒരു 3500രൂപ അങ്ങനെ ചെലവായി.
എന്നാല്‍ അവസാനം കയ്യില്‍ കിട്ടിയത് രണ്ട് സി.ഡിയും ഒരുമിച്ച്!
എഡിറ്റിങ് ആരംഭിച്ചു.പനി മൂലം ഞാനും മോഹനനും വല്ലപ്പോഴും ഒന്നു സ്റ്റുഡിയോയില്‍ ചെല്ലും. പ്രമോദും ഷാനവാസും പിന്നെ നടുവേദനയുമായി വാസുമാഷുംചേര്‍ന്ന് എഡിറ്റിങും ഡബ്ബിങും ഒക്കെ നിയന്ത്രിച്ചു. എങ്കിലും പലനിര്‍ണ്ണായക തീരുമാനങ്ങളും എടുത്തത് പരസ്പരം ആലോചിച്ചു തന്നെയായിരുന്നു.

പ്രധാന പ്രശ്നം ഏതു ഗാനം ഉല്‍പ്പെടുത്തണം എന്നതായിരുന്നു. തീര്‍ച്ചയായും ആലാപന ഭംഗി കൊണ്ട് ജെയ്സണിന്റെ കവിത അദ്വിതീയമായിരുന്നു. അതെങ്ങനെ ഒഴിവാക്കും?സുരേഷിനെ പിന്നെ പറഞ്ഞു മനസ്സിലാക്കാം, പക്ഷെ പാവം തൊട്ടാവാടിയായ ശശി മാഷ് ഈണം നല്‍കിയ പാട്ട് എങ്ങനെ ഒഴിവാക്കും?
പലരെയും കേള്‍പ്പിച്ചു, പലവട്ടം. അവസാനം ഒരു തീരുമാനത്തിലെത്തി. അവതരണഗാനമായി ശശിമാഷ് ഈണം നല്‍കി,സുകന്യയും സംഘവും പാടിയത് ഉള്‍പ്പെടുത്തുക. കവിതയും അവതരണഗാനത്തിന്റെ ജെയ്സണ്‍ വേര്‍ഷണ്‍ അവസാനവും കൊടുക്കുക.

രണ്ടാമത്തെ പ്രധാനപ്രശ്നം ടൈറ്റിലില്‍ ഉള്‍പ്പെടുത്തേണ്ട പേരുകളെപ്പറ്റിയായിരുന്നു. സഹകരിച്ച ഒരാളുടേയും പേര്‍ വിട്ടുപോകരുത്, എന്നാല്‍ ഒരാളുടേയും പേര്‍ രണ്ട് തവണയില്‍ കൂടുതല്‍ വരരുത്! കൂടുതല്‍ ജോലി ചെയ്ത ആളാണ് പ്രമോദ്. ക്രിയാത്മകമായ ഒരുപാട് നിര്‍ദ്ദേശങ്ങള്‍ തിരക്കഥയെഴുതുമ്പോള്‍ നല്‍കി. കവിത,ഷൂട്ടിങ്, എഡിറ്റിങ്,ഡബ്ബിങ് അങ്ങനെ എല്ലാ മേഖലയിലും സഹായം ഉണ്ടായിട്ടുണ്ട്. പ്രമോദിന്റെ പേരും വാസുദേവന്റെ പേരും മാത്രം രണ്ട് തവണ.. മറ്റുള്ളവര്‍ ഏത് മഹത്തായ കാര്യം ചെയ്താലും ഒരുതവണ മാത്രം ടൈറ്റിലില്‍. പ്രമൊദിന്റെ സകലകലാ മര്‍മ്മജ്ഞതയെ ഞങ്ങളെല്ലാം തുറന്നു അഭിനന്ദിക്കുകയും എന്നാല്‍ പേര്‍ ഓരോന്നിലും ചെര്‍ക്കുന്നതിലെ അനൌചിത്യം പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു.

സിനിമ പുറത്തിറങ്ങുന്നു, പ്രശ്നങ്ങള്‍ തുടങ്ങുന്നു.
കാരണം സിമ്പിള്‍…

1.കവിത ഒഴിവാക്കിയ കാര്യം സുരേഷ് മാഷെ വിളിച്ചു പറയാന്‍ വാസുമാഷ് മറന്നു. ഞാന്‍ ശശി മാഷോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

2.തനിക്കു കിട്ടിയ അഭിനന്ദനം പ്രമോദ് കാര്യമായി എടുത്തു, തനിക്കു കിട്ടേണ്ട ടൈറ്റില്‍ മറ്റു പലരും തട്ടിയെടുത്തു.

ആദ്യപ്രദര്‍ശനം പോലും കാണാനാവാതെ ഞാന്‍ തിരുവനന്തപുരത്ത് ട്രെയിനിങ് പ്രോഗ്രാമില്‍ ആയിരുന്നു. സ്റ്റാഫ് റൂമില്‍ ചില കുശുകുശുക്കല്‍ നടക്കുന്നത് ആറിഞ്ഞെങ്കിലും പ്രതികരിക്കെണ്ടെന്ന് വാസുമാഷെ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞു.

പിന്നെയെല്ലാം ചരിത്രമാണ്. സ്റ്റാഫ് മീറ്റിങ് ചേരല്‍, വിശദീകരിക്കല്‍, ഒഴിഞ്ഞുമാറല്‍....എന്തെല്ലാം അങ്കങ്ങളായിരുന്നു! വെറുതെ ആരോഗ്യവും മനസമാധാനവും കളയേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോയി.
കാഴ്ച ഫിലിം ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത് ചേര്‍ന്നു.പ്രത്യേക ജൂറി പുരസ്കാരം മാത്രമെ കിട്ടിയുള്ളൂ. സാരമില്ല ആദ്യ്ത്തെ ശ്രമമല്ലെ!

അനുമോദനസമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എങ്കിലും പറഞ്ഞു..ഭാഗ്യം!
ഒരു മൂഡ് ഇല്ലാത്തതിനാല്‍ ഞാന്‍ ആ പ്രദേശത്തേക്ക് പോയില്ല.

അടുത്ത ദിവസം മാത്രുഭൂമിയിലും ഒക്കെ ഫൊട്ടോ ഉള്‍പ്പെടെ വാര്‍ത്ത വന്നു. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരുമില്ല. ആരൊക്കെയാണോ പിടിവാശികളും,ഈഗോപ്രശ്നങ്ങളും, കുത്തിത്തിരിപ്പുകളും രസം പിടിക്കലുകളും നടത്തിയത്, അവരെല്ലാം ഫോട്ടോവില്‍ ഞെളിഞ്ഞ് അങനെ നില്‍ക്കുന്നു....!

Saturday, October 17, 2009

നാണു എന്ന ഇതിഹാസം

നാണുവിനെപ്പറ്റി അറിയാത്തവര്‍ കുറവാണ് ഞങ്ങളുടെ നാട്ടില്‍.

ആഴ്ചയിലൊരിക്കല്‍ സൈക്കിളിന്റെ കാരിയറില്‍ മടക്കി വച്ച സിനിമാപോസ്റ്ററുകളും, ഹാന്റിലില്‍ തൂക്കിയ ബക്കറ്റില്‍ മൈദ കലക്കിയ പശയുമായി വരാറുള്ള നാണുവിനെയാണ് ഞങ്ങള്‍ നാട്ടിന്‍ പുറത്തെ കുട്ടികള്‍ക്ക് പരിചയം.

എത്ര കലാപരമായിട്ടാണ് നാണു പോസ്റ്റര്‍ ഒട്ടിക്കുന്നത്! ഒരു ഭാഗം പോലും ചുളിയാതെ ചുവപ്പും കറുപ്പും മഞ്ഞയും കലര്‍‌ന്ന ഈസ്റ്റ്‌മാന്‍ കളര്‍ പോസ്റ്ററുകള്‍ പതിക്കുന്നതു നോക്കിനിന്നിട്ടുണ്ട് ചെറുപ്പത്തില്‍. കൈയില് ബാക്കിയുള്ള പശ തുടച്ചുകളയും പോലെയാണ് ‘വാളകം ബോസില്‍ 23/7 മുതല്‍ 3 കളികള്‍ ‘ എന്ന സ്ലിപ്പില്‍ പശ പുരട്ടുന്നത്. പോസ്റ്ററിന്റെ പ്രധാന ഭാഗങ്ങള്‍ ഒന്നുപോലും മറയാതെ സ്ലിപ്പും ഒട്ടിച്ച് അടുത്ത മതില്‍ തേടി സൈക്കിളെടുത്ത് വെട്ടിച്ചൊരു പോക്കാണ്!

80 കളുടെ അവസാനം... പത്താം ക്ലാസ് കഴിഞ്ഞപ്പൊളാണ് ഒറ്റക്ക് തീയറ്ററില്‍ പോയി സിനിമ കാണാന്‍ തുടങ്ങിയത്. തൊട്ടടുത്തുള്ള തീയറ്റര്‍ എന്ന നിലയില്‍ വാളകം ബോസ് ആണ് ആശ്രയം. അങ്ങനെയാണ് നാണുവിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞത്. പോസ്റ്റര്‍ പതിക്കുന്നത് കൂടാതെ വാതില്‍ക്കല്‍ നിന്നു ടിക്കറ്റ് മുറിച്ച് ആളെ കയറ്റുന്നതും ബെല്ലടിച്ചാല്‍ അകത്ത് കയറി കര്‍‌ട്ടണ്‍ വലിച്ചിട്ട് വാതില്‍ ചാരുന്നതും നാണു തന്നെ! രണ്ട് ക്ലാസ് ഉള്ളതില്‍ കൂടുതല്‍ ജനകീയമായ ബെഞ്ച് സര്‍‌ക്കിളിലാണ് നാണുവിന്റെ സേവനം.

സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് ബെഞ്ചിലിരുന്ന് സിനിമ കാണുന്നത്. സാമാന്യം നല്ല തീയറ്റര്‍…ആസ്ബസ്‌റ്റോസ് മേല്‍ക്കൂരയും പൊടിപിടിച്ചതെങ്കിലും സിമന്റ് തേച്ച് ചായം പൂശിയ ഭിത്തികളും… റിലീസ് കഴിഞ്ഞ് രണ്ട് - മൂന്ന് മാസം കഴിഞ്ഞാണ് സിനിമകള്‍ അവിടെയെത്തുന്നത്. ഒരാഴ്ച നല്ല കളക്ഷനോടെ സിനിമ ഓടും. സൂപ്പര്‍ ഹിറ്റ് സിനിമകള്‍ രണ്ടാഴ്ച ഓടിയാലായി.

നാണുവിന്റെ എല്ലാമായിരുന്നു ആ സിനിമാകൊട്ടക. ഒരു മാനേജറും ഓപ്പറേറ്ററും രണ്ട് ഗേറ്റ് കീപ്പര്‍‌മാരും. മലയാളം, തമിഴ്, പിന്നെ അപൂര്‍‌വ്വം ചില ഹിന്ദി ചിത്രങ്ങള്‍. ഇതായിരുന്നു അന്നു ഞങ്ങളുടെ നാടിന്റെ സാംസ്കാരിക കേന്ദ്രവും!

നാണു ഒരിക്കലെങ്കിലും ലീവ് എടുക്കുന്നത് കണ്ടവരാരും ഇല്ല. അത്തരം ചിന്തകളൊന്നും നാണുവിന് ഉണ്ടായിരുന്നില്ല. പോസ്റ്ററുകള്‍ ഒട്ടിക്കുന്നതും ടിക്കറ്റിന്റെ പകുതി ചീന്തുന്നതും മാത്രമാണ് തന്റെ ജീവിതലക്ഷ്യം എന്നാണ് നാണുവിന്റെ തത്വം.!

ഒരിക്കല്‍ മാത്രമേ നാണു ലീവ് എടുത്തിട്ടുള്ളൂ… സ്വന്തം വിവാഹത്തിന് ! അതും മാനേജരോട് പറഞ്ഞില്ല. പശയുണ്ടാക്കാ‍ന്‍ തീ കത്തിച്ചതിന്റെ ബാക്കി കരിക്കട്ടകൊണ്ട് മാനേജറുടെ ക്യാബിന്റെ ഭിത്തിയില്‍ എഴുതി… “നാണു നാളെ ലൂവ്”

വാളകം ബോസ്….ഒരു നാടിന്റെ സാംസ്കാരിക കേന്ദ്രമായിരുന്നു ആ തീയറ്റര്‍. ജാടയില്ലാതെ, ചപ്രത്തലമുടിയില്ല്ലാതെ, ഊശാന്‍ ‌താടിയല്ലാതെ, ഞങ്ങള്‍ നാട്ടിന്‍‌പുറത്തുകാര്‍ സിനിമ കണ്ടിരുന്നു, കരഞ്ഞു, ചിരിച്ചു,കൈയടിച്ചു….

പിന്നെയെപ്പോഴൊ റ്റി.വി വ്യാപകമായി. വി.സി.ആറും വീഡിയോ കാസറ്റും മിക്ക വീടുകളിലും ആയിത്തുടങ്ങി. ക്രമേണ ആളുകള്‍ തീയറ്റര്‍ ഉപേക്ഷിച്ച് തുടങ്ങി. ആഴ്ചയില്‍ രണ്ടും മൂന്നും ചിത്രങ്ങളായി. നാണു മാത്രം വര്‍‌ദ്ധിച്ച ഉത്സാഹത്തോടെ ജോലി തുടര്‍ന്നു. കൂടുതല്‍ തവണ സൈക്കിള്‍ ചവിട്ടി അലയേണ്ടിവന്നത് അയാളെ തെല്ലും അലട്ടിയില്ല. മഹത്തായ ഒരു കര്‍‌മ്മം അനുഷ്ടിക്കുന്നപോലെ ഭക്തിപൂര്‍വ്വം നാണു പോസ്റ്റര്‍ ഒട്ടിക്കല്‍ തുടര്‍ന്നു.

പിന്നെപ്പിന്നെ കുടുംബചിത്രങ്ങള്‍ക്ക് പകരം സെക്സ് ചിത്രങ്ങളായി. അപ്പോള്‍ നാണുവിന്റെ ജോലിഭാരം കൂടി. പോസ്റ്റര്‍ പ്രചരണത്തിന്‍ പുറമെ വാചിക പ്രചരണം കൂടി നാണു ഏറ്റെടുത്തു. ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് അതൊരു സൌകര്യവുമായി.

“എത്രയെണ്ണമുണ്ട്?”

“നാല് കുളി, പിന്നെ നാല്…..”

ആദ്യത്തെ “നാല്” സിനിമയിലുള്ളത്. അവസാന “നാല്” എന്നത് തുണ്ടുകളാണ്. നീലബിറ്റുകള്‍!

നസീറും ജയനും സുകുമാരനും സോമനും ഷീലയും ജയഭാരതിയും ഒക്കെയുള്ള പോസ്റ്റര്‍ പതിപ്പിച്ച അതേ ഗൌരവത്തോടെ അനുരാധയും സില്‍ക്കും അഭിലാഷയും ജയലളിതയുമൊക്കെ നാണുവിന്റെ കൈകളാല്‍ പീടികഭിത്തികളില്‍ സ്ഥാനം പിടിച്ചു.

പിന്നെ ജോലിയും തിരക്കുമൊക്കെയായി നാടുവിട്ട ഞാനും നാണുവിനെ മറന്നു.

അഞ്ചാറ് വര്‍ഷം മുമ്പ് അവധിക്ക് നാട്ടില്‍ ചെന്നപ്പോള്‍ “വാ‍ളകം ബോസ് “ എന്ന ബോര്‍ഡ് കാണാനില്ല. ആ സ്ഥാനത്ത് ഒരു വളം ഡിപ്പോയുടെ ബോര്‍ഡ്. ഭിത്തി നിറയെ ഫാക്റ്റംഫോസിന്റെ പരസ്യം. പെട്ടെന്നു നാണുവിനെപ്പറ്റി ഓര്‍ത്തു.

പിന്നെയാണ് കൂട്ടുകാര്‍ പറഞ്ഞ് അറിഞ്ഞത്. തീയറ്റര്‍ പൂട്ടിയതോടെ നാണുവിന് ജോലിയില്ലാതെയായി. അയാള്‍ ഒരു ഭ്രാന്തനെപ്പോലെ തീയറ്റര്‍ പരിസരത്ത് അലഞ്ഞു നടന്നു. നാണുവിന്റെ ചരിത്രവും തീയറ്ററുമായുള്ള ആത്മബന്ധവും അറിയാവുന്ന നാട്ടുകാര്‍ ഇടപെട്ടപ്പോല്‍ അയാള്‍ക്ക് വളം ഡിപ്പോയുടെ വാച്ച്മാനായി നിയമനം കിട്ടി. ഡയലോഗുകളുടെ മുഴക്കവും ജനങ്ങളുടെ പൊട്ടിച്ചിരിയും മുഴങ്ങിയ കാലത്തെ പറ്റി ഓര്‍ത്ത് ഒറ്റക്ക് നാണു ആ വളം ഡിപ്പോയ്ക്ക് കാവലിരുന്നു.ഉറക്കം വരുമ്പോള്‍ തിണ്ണയില്‍ പഴയ പോസ്റ്റര്‍ വിരിച്ച് കിടന്നുറങ്ങി.

കാണെക്കാണെ അയാള്‍ മൂകനായി വന്നു. പിന്നൊരു നാള്‍ വിഷം കഴിച്ചു മരിച്ച നിലയില്‍ നാണുവിനെ കണ്ടെത്തി. നിവര്‍ത്തി വിരിച്ച പോസ്റ്ററുകള്‍ക്ക് മുകളില്‍ ഒരു പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലെ നായകനെപ്പോലെ……

Thursday, October 15, 2009

അനൌണ്‍‌സ്‌മെന്റ് വധവും ആശംസാ പ്രസംഗകന്റെ കത്തിയും..

പൊതുയോഗങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണല്ലോ മുട്ടിന് മുട്ടിനുള്ള‍ അനൌണ്‍സ്‌മെന്റും പിന്നെ സ്വാഗത പ്രസംഗകന്റേയും ആശംസാപ്രസംഗകന്റേയും കത്തിയും. ഇതു സഹിക്കാത്തവരുണ്ടാവാന്‍ വഴിയില്ല. ചില അനുഭവങ്ങളിതാ..

1.ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ അമ്പലത്തിലെ ഉത്സവം.

ഒരു മൈക്ക് വിഴുങ്ങി രാവിലെ മുതല്‍ അനൌണ്‍‌സ്‌മെന്റ് തുടങ്ങിയതാണ്.

വഴിപാടുവിവരങ്ങള്‍, സംഭാവനയ്ക്കുള്ള അഭ്യര്‍‌ത്ഥന,ക്ഷേത്ര പുരാണം ഇങ്ങനെ വച്ചു നീക്കുകയാണ് ആശാന്‍. സന്ധ്യ ആയപ്പൊഴേക്കും പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പുകള്‍, അടിയന്തിരസ്വഭാവമുള്ള അറിയിപ്പുകള്‍ ഇങ്ങനെ അദ്ദേഹത്തിന്റെ ചുമതല ഇരട്ടിച്ചു. ഭാഷയിലും വ്യാകരണത്തിലും ഉള്ള പരിജ്‌ഞാനം അപാരമായതിനാല്‍ പല അനൌണ്‍സ്‌മെന്റുകളും കാണികള്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്നവ ആയിരുന്നു . ചില ഉദാ‍ഹരണങ്ങള്‍ നോക്കാം.

“മതിലില്‍ ഇരിക്കുന്ന പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് കാണാന്‍ പാകത്തിന്‍ കാല്‍ പൊക്കി വക്കേണ്ടതാണ്!”
(താഴെ ഗ്രില്ലിലൂടെ ആണ് സ്ത്രീകള്‍ നോക്കുന്നത്)

“ആനപ്പുറത്തിരിക്കുന്നവര്‍ വയറിളകാതെ നോക്കേണ്ടതാണ്..!”
(ട്യൂബ് ലൈറ്റിന്റേയും മൈക്കിന്റേയും വയര്‍)

“ഓപ്പറേറ്ററുടെ ശ്രദ്ധയ്ക്ക്…സ്ത്രീകള്‍ മൂത്രം ഒഴിക്കുന്ന സ്ഥലത്ത് ഒരു ലൈറ്റ് ഇട്ടു കൊടുക്കേണ്ടതാണ്!”
( മൂത്രപ്പുര ഇരുട്ടത്താണ്)

ഇങ്ങനെ പലതും സഭ്യേതരമായി തോന്നിയപ്പോള്‍ ‍നാട്ടുകാര്‍ കൂവാന്‍ തുടങ്ങി. ഗതികെട്ട ഉത്സവക്കമ്മിറ്റി പ്രസിഡണ്ട് (ഇദ്ദേഹം ഒരു റിട്ടയര്‍ ചെയ്ത സ്കൂള്‍ മാഷ് ആണ്.) സ്‌റ്റേജില്‍ കയറിവന്ന് അനൌണ്‍സറോട് കയര്‍ത്തു പറഞ്ഞു. “ഇനി ഞാന്‍ പറയാതെ ഒറ്റ അക്ഷരം നീ വിളിച്ച് പറഞ്ഞു പോകരുത്.”

ഉടന്‍ വന്നു മൈക്കിലൂടെ അടുത്ത അറിയിപ്പ്-

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്.. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അറിയിപ്പുകളൊന്നും ഉണ്ടായിരിക്കുന്നതല്ല.!!”

2. ആശംസാപ്രസംഗകന്റെ കത്തി!

തിരൂരിലെ ഒരുചെറിയ സാംസ്കാരിക സമിതി ആയ ബാനര്‍ സംഘടിപ്പിച്ച വയലാര്‍ അനുസ്മരണ ചടങ്ങ് ആണ് വേദി.

അമ്പതോളം സഹ്രദയര്‍ ഒരു ചെറിയ ഹാളില്‍ ഒരുമിച്ച് കൂടിയിരിക്കുന്നു. 7 മണിക്ക് സമ്മേളനം ആരംഭിച്ചു. പതിവിനു വിപരീതമായി സ്വാഗതപ്രസംഗകന്‍ ചുരുങ്ങിയ വാക്കുകളില്‍ ഉദ്ഘാടകനേയും, ആശംസാപ്രസംഗകരേയും സദസ്യരേയും സ്വാഗതം ചെയ്തു.

ഉദ്ഘാട്നം ചെയ്ത പ്രശസ്ത നിരൂപകനും തുഞ്ചന്‍ കോളേജിലെ പ്രൊഫസറുമായ മാന്യദേഹം പത്തിരുപത് മിനിറ്റ് കൊണ്ട് സരളവും സരസവും ആയ വാക്കുകളില്‍ വയലാറിന്റെ കാവ്യധാരയെപ്പറ്റി കാച്ചിക്കുറുക്കിയ പാല്‍പ്പായസം പോലൊരു ലഘുപ്രസംഗം നടത്തി.

അടുത്തതായി പ്രദേശത്തെ ഒരു സ്ഥിരം ആശംസാപ്രസംഗകന്റെ പേര്‍ വിളിച്ചു. ”ഉദ്ഘാടകന്‍ പറഞ്ഞതു പോലെ...” എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. തുടര്‍ന്ന് ഉദ്ഘാടകന്‍ പറഞ്ഞകാര്യങ്ങള്‍ ഒക്കെ ഒരിക്കല്‍ കൂടി അദ്ദേഹം ഊന്നിപ്പറഞ്ഞ് തുടങ്ങി. പത്ത്, പതിനഞ്ച്,ഇരുപത്,മുപ്പത്…. മിനിറ്റുകള്‍ അങ്ങനെ കടന്നുപോയി.

സമ്മേളനത്തിനു ശേഷമുള്ള സിനിമാഗാനങ്ങളുടെ ആലാപനം കേള്‍ക്കാനായി മാത്രം വന്നവര്‍ സഹികെട്ട് പതുക്കെ എഴുന്നേറ്റ് തുടങ്ങി. ഇത് കേട്ടിട്ടെങ്കിലും നിര്‍ത്തട്ടെ എന്നു കരുതി തബലക്കാ‍രനും ഹാര്‍മോണിസ്റ്റും പതുക്കെ മുട്ടിയും വായിച്ചും തുടങ്ങി. പാട്ടുകാര്‍ സ്റ്റാന്റും ഡയറിയും ഒക്കെ റെഡി ആക്കിത്തുടങ്ങി. ഒരു രക്ഷയുമില്ല. അവസാനം ഞങ്ങള്‍ സംഘാടകര്‍ ആവശ്യപ്പെട്ടപ്രകാരം അദ്ധ്യക്ഷന്‍ ഒരു കുറിപ്പു കൊടുത്തു.അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

എത്രയും പെട്ടെന്നു താങ്കള്‍ പ്രസംഗം നിര്‍ത്തുക! കാണികള്‍ പോകുന്നു. ഇനി ഈ വേദിയില്‍ വയലാറിന്റെ ചില കവിതകളും സിനിമാ ഗാനങ്ങളും കൂടി ആലപിക്കാനുണ്ട്.

അദ്ദേഹം പ്രസംഗം തുടര്‍ന്നു

പ്രിയമുള്ളവരെ... ഇപ്പൊള്‍ അദ്ധ്യക്ഷന്‍ ഒരു കുറിപ്പു നല്‍കി.
അതില്‍ ചില വയലാര്‍ കവിതകളും സിനിമാഗാനങ്ങളും കൂടി ആലപിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ ആദ്യമായി വയലാറിന്റെ ആത്മാവില്‍ ഒരു ചിത എന്ന കവിതയിലെ ഏതാനും ചില വരികള്‍…”

അവാര്‍ഡ് സിനിമ കണ്ട അദ്ധ്യാപകന്‍

1998 ലെ ആഗസ്റ്റ്‍ ….

ഒരു വെള്ളിയാഴ്ച കൂടി കടന്നു പോയി.

സര്‍ക്കാര്‍ മറ്റാര്‍ക്കും നല്‍കാതെ അദ്ധ്യാപകര്‍ക്ക് മാത്രമായി നല്‍കിയ ശനി,ഞായര്‍ ദിവസങ്ങളിലെ ഒഴിവ്ദിനങ്ങള്‍ എങ്ങനെ ചിലവഴിക്കണം‍ എന്നത് ഒരു വലിയ പ്രശ്നം തന്നെയായിരുന്നു അന്ന്. കല്യാണം കഴിഞ്ഞിട്ടില്ല,മലപ്പുറംജില്ലയിലെ തീരദേശഗ്രാമത്തിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ താമസം. ടി.വിയോ മറ്റ് സൌകര്യങ്ങളോ ഇല്ല. സഹമുറിയന്മാര്‍ നാട്ടില്‍ പോയി. ഞാനാണെങ്കില്‍ കഴിഞ്ഞയാഴ്ച പോയി വന്നതേ ഉള്ളൂ. ഈ നശിച്ച മഴക്കാലത്ത് യാത്ര വല്യ ബുദ്ധിമുട്ടു തന്നെ.

അപ്പൊഴാണ് ഹാങറില്‍ തൂങ്ങിക്കിടക്കുന്ന മുഷിഞ്ഞ തുണികള്‍ കണ്ടത്.ഉടനെ കര്‍മ്മനിരതനായി. അര മണിക്കൂര്‍ കൊണ്ട് അലക്കു കഴിഞ്ഞു.ഇനിയെന്തു ചെയ്യും?

പെട്ടെന്നാണ് ഒരു ഐഡിയ തോന്നിയത്. ഉടനെ ഡ്രസ്സ് മാറി റോഡിലെത്തി.ആദ്യം കണ്ട ബസ്സില്‍ പാഞ്ഞുകയറി. നാശം! ഇതു വളഞ്ഞു ചുറ്റിപ്പോകുന്ന ബസ്സാണ്. സാരമില്ല, സമയം പന്ത്രണ്ട് ആകുന്നതേ ഉള്ളൂ.
“മുസ്തപ്‌ഫാ.. മുസ്തപ്‌ഫാ..“ ബസ്സില്‍ എ.ആര്‍ റഹ്മാന്റെ പാട്ട്. “ധിം..ധിം..“ രണ്ട് മൈല്‍ അകലെ കേള്‍ക്കാം മുഴക്കം.

അങ്ങനെ ഒരു മണി കഴിഞ്ഞപ്പോള്‍ തിരൂര്‍ എത്തി.ഹോട്ടലില്‍ കയറി ബിരിയാണി കഴിച്ചു.പുറത്തിറങ്ങി പോസ്റ്ററുകള്‍ നോക്കിയപ്പൊള്‍ വീണ്ടും കണ്‍ഫ്യൂഷന്‍.ഏതു സിനിമ കാണും?

രണ്ടു തീയറ്ററുകളില്‍ മൂന്നാംകിട തമാശപ്പടങ്ങള്‍.അതു വേണ്ട. പിന്നൊന്നില്‍ തമിഴ് പടം..വി.ഐ.പി. രംഭ,സിമ്രാന്‍,പ്രഭുദേവ,അബ്ബാസ് ഇവരാണ് താരങ്ങള്‍. ആരെയും ആകര്‍ഷിക്കാന്‍ പോന്ന വേഷവിധാനത്തില്‍ രംഭയും സിമ്രാനും നിന്ന് ചിരിക്കുന്നു. ഇതിനു കയറിയാലോ? യുവാക്കളുടെ ഹരമായ മേല്പറഞ്ഞ നാലു പേര്‍..പാട്ട്..ഗ്ലാമര്‍..സ്റ്റണ്ട്..!!

ഈശ്വരാ…ഞാനീ പടത്തിനു കേറുന്നത് പഠിപ്പിച്ച കുട്ടികളാരെങ്കിലും കണ്ടാലോ?പണ്ടൊരിക്കല്‍ “അനുഭൂതി“ എന്നസിനിമ കാണാന്‍ ക്യൂവില്‍ നിന്നപ്പൊളുണ്ടായ അനുഭവം മറക്കാറായിട്ടില്ല. പിറകില്‍ നിന്നൊരു വിളി.

മാഷേ…”

തിരിഞ്ഞു നോക്കിയപ്പൊള്‍ കഴിഞ്ഞവര്‍ഷം പത്താം ക്ലാസില്‍ പഠിച്ചിരുന്ന ഒരു കുരുത്തംകെട്ടവന്‍!ഇവന്‍ പുറകില്‍ ഉണ്ടായിരുന്നോ?അവന്റെ മുഖത്ത് ഒരു കള്ളച്ചിരി..”മാഷ് ഇത്തരം സിനിമയൊക്കെ കാണും അല്ലെ?” എന്നു ചോദിക്കും പോലെ!

ഇനിയേതായാലും തിരൂര്‍ വച്ച് ഇത്തരം ചെറിയ മസാലകളുള്ള സിനിമ കാണില്ലെന്ന് അന്നു തീരുമാനമെടുത്തതാണ്. വേറെ ഏതുണ്ട് പടം? അതാ നാലാമത്തെ തീയറ്ററിലെ പോസ്റ്റര്‍…
അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയ, മനുഷ്യ മനസ്സിന്റെ ചേതനകളും സ്പന്ദനങ്ങളും മിത്തുകളും വൈയക്തിക വികാര വിക്ഷോഭങ്ങളും കൊണ്ട് ചാലിച്ചെഴുതിയ ഒരു അസാധാരണ ചലച്ചിത്രകാവ്യം..
പന്ഥാവ്
രചനയും സാക്ഷാത്കാരവും ഒരു ലോകപ്രശസ്ത ബുദ്ധിജീവി.

എന്താണീ പന്ഥാവ്? വല്ല ഹിന്ദിയൊ മറ്റോ ആണൊ?ഹേയ്, മലയാളം തന്നെ! മോശമാവില്ല,ഒത്തിരി അവാര്‍ഡ് ഒക്കെ കിട്ടിയതല്ലെ?വേഗം ഓട്ടോ പിടിച്ച് തീയറ്റരിലെത്തി. ടിക്കറ്റെടുത്ത് അകത്ത് കയറി.

ടെസ്റ്റ് പേപ്പറുള്ള ദിവസത്തെ ക്ലാസ്സുപോലെയാണു തീയറ്ററിനകം.അങ്ങിങ്ങ് ഞാറു നട്ട പോലെ എട്ട് പത്ത് തലകള്‍. അല്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഇത്തരം സാംസ്കാരിക മൂല്യമുള്ള സിനിമകള്‍ വേണ്ടല്ലോ! അവാര്‍ഡ് ചിത്രങ്ങള്‍ ആസ്വദിക്കാന്‍ കഴിവുള്ള അപൂര്‍വ്വം ചില ജീനിയസ്സുകളുടെ നിലവാരത്തിലേയ്ക്ക് ഞാനും ഉയര്‍ന്നല്ലോ എന്നാലോചിച്ചപ്പൊള്‍ മനസ്സ് പുളകം കൊണ്ടു.

ബെല്ലടിച്ചു.പടം തുടങ്ങി.അതാ ഒരുവന്‍ ഇടവഴികളിലൂടെ നടന്നുവരുന്നു.വളഞ്ഞു പുളഞ്ഞ് പൊകുന്ന ഇടവഴികള്‍.ഒരു പതിനഞ്ച്-ഇരുപതു മിനിട്ടോളം ഇടവഴികളിലൂടെ അയാള്‍ യാത്ര ചെയ്തു.പശ്ചാത്തലത്തില്‍ ഒരു കുട്ടിയുടെ കരച്ചില്‍.ഈശ്വരാ..എന്താ ഇത്?

രക്ഷപ്പെട്ടു.നായകന്‍ റോഡിലെത്തി.അതാ ഒരു ബസ് വരുന്നു.അയാള്‍ അതില്‍ കയറി. പിന്നെ ഏകദേശം മുപ്പത് മിനിറ്റ് നേരം ബസ് യാത്ര.വഴിയോരത്തെ കാഴ്ചകള്‍… ബസ് അങ്ങനെ പോകുന്നു.
താനൂര്‍,പരപ്പനങ്ങാടി,അത്താണിക്കല്‍,കോട്ടക്കടവ് വഴി ചാലിയം…

വീണ്ടും രംഗം മാറി.നായകന്‍ വല വീശുന്നു.ഒന്നും കിട്ടുന്നില്ല. വീണ്ടും വീണ്ടും വീശുന്നു. ഇതു കാണാനാണോ ഞാന്‍ 20 രൂപ കൊടുത്തത്? താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്ന് അഞ്ച് മിനിറ്റ് നടന്നാല്‍ കടപ്പുറത്തെത്താം.അവിടത്തെ സ്ഥിരം കാഴ്ചയാണല്ലോ ഇത്!

ഞാന്‍ വീണ്ടും സമാധാനം കണ്ടെത്തി ’വയനാട്,ഇടുക്കി പോലുള്ള പ്രദേശത്തെ ആളുകള്‍ക്കു കൂടി കാണാന്‍ വേണ്ടിയാണല്ലോ പടം പിടിക്കുന്നത്. വിശാലമായ കാഴ്ചപ്പാടില്ലാത്തതാണ് ഇന്നത്തെ യുവത്വത്തിന്റെ പ്രശ്നമെന്നു ഏതോ ഒരു മഹാന്‍ പറഞ്ഞത് എത്ര ശരിയാണ്!‘

അതാ… അയാള്‍ തോണിയില്‍ നിന്നു വീഴുന്നു. ഉടനെ മറ്റു തോണിക്കാരോ ഫിഷറീസ് വകുപ്പിന്റെ ബോട്ടുകളോ മുങ്ങല്‍ വിദഗ്ദ്ധരോ വന്നു രക്ഷിക്കുമായിരിക്കും. ഹേയ്..ആരെയും കാണുന്നില്ലല്ലോ? വിജനമായ കടലും അനാഥമായ തോണിയും മാത്രം.
തീയറ്ററില്‍ നീണ്ട മണിയടി. പടം കഴിഞ്ഞോ?!

* * * * *
തൊട്ടുമുന്നില്‍ നടന്നു നീങ്ങുന്ന താടി നീട്ടിയ,തോളില്‍ സഞ്ചി തൂക്കിയ, ചുളുങ്ങിയ ജുബ ധരിച്ച ബുദ്ധിജീവി തന്റെ കൂടെയുള്ള മകന് ചിത്രത്തിന്റെ സാരാംശം വിവരിക്കുന്നു. “ഇടവഴികളിലൂടെയുള്ള യാത്ര ഒരുവന്റെ ജനനത്തെ കുറിക്കുന്നു. ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്ത് വന്ന മനുഷ്യന്‍ തന്റെ ജീവിതയാത്ര തുടരുന്നു. അതാണ് ബസ് യാത്ര. ജീവിതവിജയത്തിനു വേണ്ടിയുള്ള പ്രയത്നമാണ് വലവീശല്‍. ലക്ഷ്യം കാണാനാകാതെ അവസാനം….”

അതുശരി..ഇത്രയും കാര്യം പറയാനാണ് ഒന്നര-രണ്ട് മണിക്കൂര്‍! പക്ഷെ എന്താണീ പന്ഥാവ്? എന്താണീ മിത്തുകളും വികാര വിക്ഷോഭങ്ങളും? ബസ് സ്റ്റാന്റിലെത്തി കാലിച്ചായ കുടിച്ചിരിക്കുമ്പോള്‍ മനസ്സിലെ ചോദ്യം അതായിരുന്നു.

ബസില്‍ കയറി. സൈഡ് സീറ്റ് കിട്ടി. ബസ് ടൌണ്‍ വിട്ടു. വെറുതെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ചായക്കടകളിലും ഭിത്തികളിലും ഒട്ടിച്ച പോസ്റ്ററുകളില്‍ നിന്ന് രംഭയും സിമ്രാനും അപ്പൊഴും ചിരിക്കുന്നുണ്ടായിരുന്നു.

Friday, October 9, 2009

നടുവിരലില്ലാത്ത തട്ടാന്‍.

ഏപ്രില്‍ മാസത്തിലെ കടുത്ത ചൂടുള്ള ഒരു പകല്‍.
ത്രിശൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളിലെ വാല്യുവേഷന്‍ ക്യാമ്പില്‍ ഒരു ദിവസം കൂടി കഴിച്ചുകൂട്ടി. രാവിലെ മുതല്‍ തുടങ്ങിയ എസ്.എസ്.എല്‍.സി പേപ്പര്‍ മൂല്യനിര്‍‌ണ്ണയം. വങ്കത്തരങ്ങളും കാണാപ്പാഠങ്ങളും ഛര്‍ദ്ദിച്ചു വച്ച 32 ഉത്തരക്കടലാസുകള്‍ നോക്കിത്തീര്‍ത്തു. ഇനി ഒരു മണിക്കൂറ് യാത്ര ചെയ്താല്‍ ഗുരുവായൂര്‍ സുഹ്രുത്തിന്റെ അടുത്ത് എത്താം. നാളെ രാവിലെ കുളിച്ചു തൊഴുത് തിരിച്ചു വാല്യുവേഷന്‍ ക്യാമ്പിലെത്താം.

സമയം നാലു മണി ആകുന്നതേ ഉള്ളൂ. ദാഹശമനത്തിന് ഒരു ബീയര്‍ ആകാമെന്ന് തോന്നി. നേരിയ തലവേദന മാറിക്കിട്ടും. രാമവര്‍‌മ്മ ക്ലബ്ബിനടുത്തുള്ള ബാറിന്റെ ഒരു മൂലയില്‍ ആളൊഴിഞ്ഞ മേശയില് ഒരു കുപ്പി ബീയറുമായി ചെന്നിരുന്നു. ഗ്ലാസ്സ് നിറച്ചതും കഴിച്ചതും പെട്ടെന്ന്! വീണ്ടും ഗ്ലാസ്സ് നിറച്ചു കാത്തിരുന്നു- നുരകള്‍ തെല്ലൊന്നു അടങ്ങാന്‍….

എതിര്‍വശത്ത് ഒരാള്‍ ഇരിക്കുന്നുണ്ട്. നേര്‍‌പ്പിച്ചിട്ടും നിറം മങ്ങാത്ത റം പകുതിയോളം ഗ്ലാസ്സില്‍ ബാക്കിയുണ്ട്. സാദാ ബാറിലെ സാധാരണ ദ്രശ്യം ആയതിനാല്‍ മറ്റൊന്നും തോന്നിയില്ല.

“ചീപ്പ് ഉണ്ടോ?”

പോക്കറ്റില്‍ നിന്ന് എടുത്തുകൊടുത്തു. അലക്ഷ്യമായിക്കിടന്ന മുടി ചീകിയൊതുക്കി തിരിച്ചുതന്നു.
“രാവിലെ മുതല്‍ തുടങ്ങിയ യാത്രയാ... അമ്മ ഒരു വീട്ടില്‍ പണിക്ക് നില്‍ക്കുകയാണ്. വിഷുവിനു വന്നശേഷം തിരിച്ചുകൊണ്ടുചെന്നാക്കാന്‍ പോയതാ! ത്രശൂര്‍ ടൌണില്‍ വന്നപ്പൊ ഒരു സിനിമ കാണണമെന്ന് പറഞ്ഞു. കാണിച്ചു കൊടുത്തു. നമ്മളെപ്പോലെയല്ലല്ലോ? ഇങ്ങനെയൊക്കെയല്ലെ അവര്‍ക്ക് ഒരു സിനിമ കാണാന്‍ പറ്റൂ..”

എത്ര ലളിതമായിട്ടാണ് സംഭാഷണം തുടങ്ങിയത്! ഭാഗ്യത്തിനു ഓവറായിട്ടില്ല. വല്ലതും സംസാരിച്ചിരിക്കാം. ഒഴിച്ചുവച്ച ബീയറ് കൂടി കുടിച്ചുതീര്‍‍ത്തു. തലയ്ക്ക് ചെറിയ ഒരു ഭാരക്കുറവ് തോന്നിത്തുടങ്ങി.
അയാള്‍ എന്തൊക്കെയോ പറയുന്നുണ്ട്. വീട്, ഭാര്യയും മക്കളും,സ്വര്‍‌ണ്ണപ്പണി, അന്നു കണ്ടസിനിമ, സിനിമയിലെ പ്രേതം, അമാനുഷീക ശക്തികള്‍,ദൈവം… എന്തിനൊക്കെയോ മറുപടി പറഞ്ഞു.

ഒരു സിഗററ്റ് വാങ്ങാമെന്നു തോന്നി. എഴുന്നേറ്റു കൌണ്ടറിലേക്കു നടക്കുമ്പൊള്‍‌ അയാള്‍ ഒരു 20 രൂപ നോട്ട് എന്റെ നേരെ നീട്ടി.” ഒരു ഉപകാരം ചെയ്യണം. ഒരു പെഗ് റം വാങ്ങിത്തരണം. എനിക്കു നടക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്.”

തിരിച്ച് വരുമ്പൊഴാണു ശ്രദ്ധിച്ചത്! അയാളുടെ ഒരു കാല്‍ ശോഷിച്ചതാണ്. ഇയാളെങ്ങനെ ഇവിടെ വന്നിരുന്നു? ഇനി എങ്ങനെ തിരിച്ചുപോകും?

“അഞ്ച് വയസ്സുള്ളപ്പോ ഒരു പനി വന്നതാ സാറേ..”

അനുകമ്പ തോന്നിയപ്പൊള്‍ കൂടുതല്‍ താല്പര്യത്തോടെ അയാളുമായി സംസാരിച്ചു. ആളൊരു സ്വര്‍‌ണ്ണപ്പണിക്കാരനാണ്. ഭാര്യയും 2 മക്കളും. വീട് ടൌണില്‍ നിന്ന് 8 കിലോമീറ്ററകലെ.
വീണ്ടും ഞങ്ങളുടെ ചര്‍‌ച്ച അമാനുഷീക ശക്തികളെപ്പറ്റിയായി. “ദൈവീകമായ എന്തോ ഒരു ശക്തി ഉണ്ട് സാറെ..അല്ലെങ്കില്‍ ഞാന്‍ ഇങ്ങനെ ആകുമോ? എന്നിട്ടും ഇങ്ങനെ ജീവിക്കുമോ?”

വിഷയം ലഘൂകരിക്കാന്‍ ശ്രമിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു" പോളിയോ പണ്ട് ധാരാളമായി ഉണ്ടായിരുന്ന രോഗമാണ്. ഇന്നത്തെപ്പോലെ വാക്സിനൊന്നും അക്കാലത്ത് പ്രചാരത്തിലില്ലാത്തതുകൊണ്ട് വന്നുപോയതല്ലെ?”

“ആയിരിക്കാം.. പക്ഷെ അതുകൊണ്ടും അവസാനിച്ചില്ലല്ലോ! സാറെന്റെ വിരലുകണ്ടോ? മെഷീനിനകത്തു പോയതാ. ഒരു ദിവസം തിരക്കിട്ട പണിക്കിടെ സഹായിക്ക് ഒരു അളവുകൊടുത്തു. ഏത്ര ചെയ്തിട്ടും ഉദ്ദേശിച്ചപോലെ വരാത്തപ്പോള്‍ ഞാന്‍ തന്നെ ചെയ്തു. ഇടയ്ക്ക് മെഷീനൊന്നു ജാമായതു പോലെ തോന്നി. അവന്‍ ചോദിച്ചു, ചേട്ടന്റെ കൈയ്ക്കു വല്ലതും പറ്റിയോ?. ഇല്ലെന്നു മറുപടി പറഞ്ഞ് നോക്കിയപ്പൊളാണ് നടുവിരലിന്റെ ഭാഗത്തു കുറച്ചു തൊലി മാത്രം”

അയാള്‍ വലതു കൈ ഉയര്‍‌ത്തിക്കാട്ടി. മുക്കാലും മുറിഞ്ഞ നടുവിരല്‍!

“ബോധം വന്നപ്പോ ഞാന്‍ ഡോക്ടറോട് ചോദിച്ചു, ഡോക്ടറേ, എനിക്കിനി പണിയാന്‍ പറ്റുമോ?. ഡോക്ടറ് പറഞ്ഞു’ എടോ.. മനസ്സുണ്ടോ, എങ്കില്‍ ഉദ്ദേശിക്കുന്നിടത്ത് കൈയെത്തും!‘ ഇപ്പോ മൂന്ന്കൊല്ലമായി. പഴയത്ര വേഗതയില്ലാത്തതിനാല്‍ പണിയൊക്കെ കുറവാ.വല്ലതും വിളക്കാനോ പിന്നെ ചെറിയ വല്ല കമ്മലൊ വളയോ ഉണ്ടാക്കാനോ മാത്രം! മടുത്തു തുടങ്ങി സാറെ..ഇനി ഒരു ആഗ്രഹമേ ബാക്കിയുള്ളൂ. കാവിയുടുക്കണം. കാശിക്കു പോകണം...പക്ഷെ ഭാര്യയേയും മക്കളേയും പറ്റി ഓര്‍‌ക്കുമ്പോള്‍ അതിനും പറ്റണില്ല.”

ബാക്കിയുള്ള ബീയറും കഴിച്ചു ഞാ‍‌ന്‍ എഴുന്നേറ്റു. വാഷ് ബേസിനില്‍ പോയി മുഖം കഴുകി തിരിച്ച് വന്നപ്പൊളേയ്ക്കും അയാള്‍ മറ്റൊരു പരിചയക്കാരനുമായി നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ചര്‍‌ച്ച തുടങ്ങിയിരുന്നു. യാത്ര പറഞ്ഞ് ഞാന്‍ പുറത്തേക്കു നടന്നു. പിരിയും നേരം അയാള്‍ കൈ എന്റെ നേരെ നീട്ടി. നടുവിരലില്ലാത്ത വലതുകൈ!

ഓട്ടോ പിടിച്ച് ശക്തന്‍ സ്റ്റാന്റിലെത്തി ഗുരുവായൂര്‍ ബസ്സില്‍ കയറി. ബീയറിന്റെ നേര്‍‌ത്ത ലഹരിയില്‍ അറിയാതെ മയങ്ങിപ്പോയി. ഗുരുവായൂ‌രെത്തിയപ്പൊഴാണ് ഉണര്‍‌ന്നത്.

സുഹ്രുത്തിന്റെ ലോഡ്ജ് മുറിയിലേക്കു നടക്കുമ്പോളും എന്റെ ഉള്ളം കൈ ചൊറിയുന്നുണ്ടായിരുന്നു…ആ സ്വര്‍‌ണ്ണപ്പണിക്കാരന്റെ നടുവിരലിന്റെ ഭാഗത്തുള്ള തഴമ്പുവീണ ഇറച്ചിക്കഷണം കൊണ്ടതിന്റെ ചൊറിച്ചില്‍!