Saturday, October 17, 2009

നാണു എന്ന ഇതിഹാസം

നാണുവിനെപ്പറ്റി അറിയാത്തവര്‍ കുറവാണ് ഞങ്ങളുടെ നാട്ടില്‍.

ആഴ്ചയിലൊരിക്കല്‍ സൈക്കിളിന്റെ കാരിയറില്‍ മടക്കി വച്ച സിനിമാപോസ്റ്ററുകളും, ഹാന്റിലില്‍ തൂക്കിയ ബക്കറ്റില്‍ മൈദ കലക്കിയ പശയുമായി വരാറുള്ള നാണുവിനെയാണ് ഞങ്ങള്‍ നാട്ടിന്‍ പുറത്തെ കുട്ടികള്‍ക്ക് പരിചയം.

എത്ര കലാപരമായിട്ടാണ് നാണു പോസ്റ്റര്‍ ഒട്ടിക്കുന്നത്! ഒരു ഭാഗം പോലും ചുളിയാതെ ചുവപ്പും കറുപ്പും മഞ്ഞയും കലര്‍‌ന്ന ഈസ്റ്റ്‌മാന്‍ കളര്‍ പോസ്റ്ററുകള്‍ പതിക്കുന്നതു നോക്കിനിന്നിട്ടുണ്ട് ചെറുപ്പത്തില്‍. കൈയില് ബാക്കിയുള്ള പശ തുടച്ചുകളയും പോലെയാണ് ‘വാളകം ബോസില്‍ 23/7 മുതല്‍ 3 കളികള്‍ ‘ എന്ന സ്ലിപ്പില്‍ പശ പുരട്ടുന്നത്. പോസ്റ്ററിന്റെ പ്രധാന ഭാഗങ്ങള്‍ ഒന്നുപോലും മറയാതെ സ്ലിപ്പും ഒട്ടിച്ച് അടുത്ത മതില്‍ തേടി സൈക്കിളെടുത്ത് വെട്ടിച്ചൊരു പോക്കാണ്!

80 കളുടെ അവസാനം... പത്താം ക്ലാസ് കഴിഞ്ഞപ്പൊളാണ് ഒറ്റക്ക് തീയറ്ററില്‍ പോയി സിനിമ കാണാന്‍ തുടങ്ങിയത്. തൊട്ടടുത്തുള്ള തീയറ്റര്‍ എന്ന നിലയില്‍ വാളകം ബോസ് ആണ് ആശ്രയം. അങ്ങനെയാണ് നാണുവിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞത്. പോസ്റ്റര്‍ പതിക്കുന്നത് കൂടാതെ വാതില്‍ക്കല്‍ നിന്നു ടിക്കറ്റ് മുറിച്ച് ആളെ കയറ്റുന്നതും ബെല്ലടിച്ചാല്‍ അകത്ത് കയറി കര്‍‌ട്ടണ്‍ വലിച്ചിട്ട് വാതില്‍ ചാരുന്നതും നാണു തന്നെ! രണ്ട് ക്ലാസ് ഉള്ളതില്‍ കൂടുതല്‍ ജനകീയമായ ബെഞ്ച് സര്‍‌ക്കിളിലാണ് നാണുവിന്റെ സേവനം.

സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് ബെഞ്ചിലിരുന്ന് സിനിമ കാണുന്നത്. സാമാന്യം നല്ല തീയറ്റര്‍…ആസ്ബസ്‌റ്റോസ് മേല്‍ക്കൂരയും പൊടിപിടിച്ചതെങ്കിലും സിമന്റ് തേച്ച് ചായം പൂശിയ ഭിത്തികളും… റിലീസ് കഴിഞ്ഞ് രണ്ട് - മൂന്ന് മാസം കഴിഞ്ഞാണ് സിനിമകള്‍ അവിടെയെത്തുന്നത്. ഒരാഴ്ച നല്ല കളക്ഷനോടെ സിനിമ ഓടും. സൂപ്പര്‍ ഹിറ്റ് സിനിമകള്‍ രണ്ടാഴ്ച ഓടിയാലായി.

നാണുവിന്റെ എല്ലാമായിരുന്നു ആ സിനിമാകൊട്ടക. ഒരു മാനേജറും ഓപ്പറേറ്ററും രണ്ട് ഗേറ്റ് കീപ്പര്‍‌മാരും. മലയാളം, തമിഴ്, പിന്നെ അപൂര്‍‌വ്വം ചില ഹിന്ദി ചിത്രങ്ങള്‍. ഇതായിരുന്നു അന്നു ഞങ്ങളുടെ നാടിന്റെ സാംസ്കാരിക കേന്ദ്രവും!

നാണു ഒരിക്കലെങ്കിലും ലീവ് എടുക്കുന്നത് കണ്ടവരാരും ഇല്ല. അത്തരം ചിന്തകളൊന്നും നാണുവിന് ഉണ്ടായിരുന്നില്ല. പോസ്റ്ററുകള്‍ ഒട്ടിക്കുന്നതും ടിക്കറ്റിന്റെ പകുതി ചീന്തുന്നതും മാത്രമാണ് തന്റെ ജീവിതലക്ഷ്യം എന്നാണ് നാണുവിന്റെ തത്വം.!

ഒരിക്കല്‍ മാത്രമേ നാണു ലീവ് എടുത്തിട്ടുള്ളൂ… സ്വന്തം വിവാഹത്തിന് ! അതും മാനേജരോട് പറഞ്ഞില്ല. പശയുണ്ടാക്കാ‍ന്‍ തീ കത്തിച്ചതിന്റെ ബാക്കി കരിക്കട്ടകൊണ്ട് മാനേജറുടെ ക്യാബിന്റെ ഭിത്തിയില്‍ എഴുതി… “നാണു നാളെ ലൂവ്”

വാളകം ബോസ്….ഒരു നാടിന്റെ സാംസ്കാരിക കേന്ദ്രമായിരുന്നു ആ തീയറ്റര്‍. ജാടയില്ലാതെ, ചപ്രത്തലമുടിയില്ല്ലാതെ, ഊശാന്‍ ‌താടിയല്ലാതെ, ഞങ്ങള്‍ നാട്ടിന്‍‌പുറത്തുകാര്‍ സിനിമ കണ്ടിരുന്നു, കരഞ്ഞു, ചിരിച്ചു,കൈയടിച്ചു….

പിന്നെയെപ്പോഴൊ റ്റി.വി വ്യാപകമായി. വി.സി.ആറും വീഡിയോ കാസറ്റും മിക്ക വീടുകളിലും ആയിത്തുടങ്ങി. ക്രമേണ ആളുകള്‍ തീയറ്റര്‍ ഉപേക്ഷിച്ച് തുടങ്ങി. ആഴ്ചയില്‍ രണ്ടും മൂന്നും ചിത്രങ്ങളായി. നാണു മാത്രം വര്‍‌ദ്ധിച്ച ഉത്സാഹത്തോടെ ജോലി തുടര്‍ന്നു. കൂടുതല്‍ തവണ സൈക്കിള്‍ ചവിട്ടി അലയേണ്ടിവന്നത് അയാളെ തെല്ലും അലട്ടിയില്ല. മഹത്തായ ഒരു കര്‍‌മ്മം അനുഷ്ടിക്കുന്നപോലെ ഭക്തിപൂര്‍വ്വം നാണു പോസ്റ്റര്‍ ഒട്ടിക്കല്‍ തുടര്‍ന്നു.

പിന്നെപ്പിന്നെ കുടുംബചിത്രങ്ങള്‍ക്ക് പകരം സെക്സ് ചിത്രങ്ങളായി. അപ്പോള്‍ നാണുവിന്റെ ജോലിഭാരം കൂടി. പോസ്റ്റര്‍ പ്രചരണത്തിന്‍ പുറമെ വാചിക പ്രചരണം കൂടി നാണു ഏറ്റെടുത്തു. ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് അതൊരു സൌകര്യവുമായി.

“എത്രയെണ്ണമുണ്ട്?”

“നാല് കുളി, പിന്നെ നാല്…..”

ആദ്യത്തെ “നാല്” സിനിമയിലുള്ളത്. അവസാന “നാല്” എന്നത് തുണ്ടുകളാണ്. നീലബിറ്റുകള്‍!

നസീറും ജയനും സുകുമാരനും സോമനും ഷീലയും ജയഭാരതിയും ഒക്കെയുള്ള പോസ്റ്റര്‍ പതിപ്പിച്ച അതേ ഗൌരവത്തോടെ അനുരാധയും സില്‍ക്കും അഭിലാഷയും ജയലളിതയുമൊക്കെ നാണുവിന്റെ കൈകളാല്‍ പീടികഭിത്തികളില്‍ സ്ഥാനം പിടിച്ചു.

പിന്നെ ജോലിയും തിരക്കുമൊക്കെയായി നാടുവിട്ട ഞാനും നാണുവിനെ മറന്നു.

അഞ്ചാറ് വര്‍ഷം മുമ്പ് അവധിക്ക് നാട്ടില്‍ ചെന്നപ്പോള്‍ “വാ‍ളകം ബോസ് “ എന്ന ബോര്‍ഡ് കാണാനില്ല. ആ സ്ഥാനത്ത് ഒരു വളം ഡിപ്പോയുടെ ബോര്‍ഡ്. ഭിത്തി നിറയെ ഫാക്റ്റംഫോസിന്റെ പരസ്യം. പെട്ടെന്നു നാണുവിനെപ്പറ്റി ഓര്‍ത്തു.

പിന്നെയാണ് കൂട്ടുകാര്‍ പറഞ്ഞ് അറിഞ്ഞത്. തീയറ്റര്‍ പൂട്ടിയതോടെ നാണുവിന് ജോലിയില്ലാതെയായി. അയാള്‍ ഒരു ഭ്രാന്തനെപ്പോലെ തീയറ്റര്‍ പരിസരത്ത് അലഞ്ഞു നടന്നു. നാണുവിന്റെ ചരിത്രവും തീയറ്ററുമായുള്ള ആത്മബന്ധവും അറിയാവുന്ന നാട്ടുകാര്‍ ഇടപെട്ടപ്പോല്‍ അയാള്‍ക്ക് വളം ഡിപ്പോയുടെ വാച്ച്മാനായി നിയമനം കിട്ടി. ഡയലോഗുകളുടെ മുഴക്കവും ജനങ്ങളുടെ പൊട്ടിച്ചിരിയും മുഴങ്ങിയ കാലത്തെ പറ്റി ഓര്‍ത്ത് ഒറ്റക്ക് നാണു ആ വളം ഡിപ്പോയ്ക്ക് കാവലിരുന്നു.ഉറക്കം വരുമ്പോള്‍ തിണ്ണയില്‍ പഴയ പോസ്റ്റര്‍ വിരിച്ച് കിടന്നുറങ്ങി.

കാണെക്കാണെ അയാള്‍ മൂകനായി വന്നു. പിന്നൊരു നാള്‍ വിഷം കഴിച്ചു മരിച്ച നിലയില്‍ നാണുവിനെ കണ്ടെത്തി. നിവര്‍ത്തി വിരിച്ച പോസ്റ്ററുകള്‍ക്ക് മുകളില്‍ ഒരു പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലെ നായകനെപ്പോലെ……

1 comment:

  1. മനസ്സില്‍ തികട്ടി വരുന്ന ഒരുപാട് ഓര്‍മ്മകളോടെയാണ് വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നും എഴുതാന്‍ തോന്നുന്നില്ല. മനസ്സ് മൂകമായിപ്പോയി....

    ReplyDelete