Thursday, October 15, 2009

അവാര്‍ഡ് സിനിമ കണ്ട അദ്ധ്യാപകന്‍

1998 ലെ ആഗസ്റ്റ്‍ ….

ഒരു വെള്ളിയാഴ്ച കൂടി കടന്നു പോയി.

സര്‍ക്കാര്‍ മറ്റാര്‍ക്കും നല്‍കാതെ അദ്ധ്യാപകര്‍ക്ക് മാത്രമായി നല്‍കിയ ശനി,ഞായര്‍ ദിവസങ്ങളിലെ ഒഴിവ്ദിനങ്ങള്‍ എങ്ങനെ ചിലവഴിക്കണം‍ എന്നത് ഒരു വലിയ പ്രശ്നം തന്നെയായിരുന്നു അന്ന്. കല്യാണം കഴിഞ്ഞിട്ടില്ല,മലപ്പുറംജില്ലയിലെ തീരദേശഗ്രാമത്തിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ താമസം. ടി.വിയോ മറ്റ് സൌകര്യങ്ങളോ ഇല്ല. സഹമുറിയന്മാര്‍ നാട്ടില്‍ പോയി. ഞാനാണെങ്കില്‍ കഴിഞ്ഞയാഴ്ച പോയി വന്നതേ ഉള്ളൂ. ഈ നശിച്ച മഴക്കാലത്ത് യാത്ര വല്യ ബുദ്ധിമുട്ടു തന്നെ.

അപ്പൊഴാണ് ഹാങറില്‍ തൂങ്ങിക്കിടക്കുന്ന മുഷിഞ്ഞ തുണികള്‍ കണ്ടത്.ഉടനെ കര്‍മ്മനിരതനായി. അര മണിക്കൂര്‍ കൊണ്ട് അലക്കു കഴിഞ്ഞു.ഇനിയെന്തു ചെയ്യും?

പെട്ടെന്നാണ് ഒരു ഐഡിയ തോന്നിയത്. ഉടനെ ഡ്രസ്സ് മാറി റോഡിലെത്തി.ആദ്യം കണ്ട ബസ്സില്‍ പാഞ്ഞുകയറി. നാശം! ഇതു വളഞ്ഞു ചുറ്റിപ്പോകുന്ന ബസ്സാണ്. സാരമില്ല, സമയം പന്ത്രണ്ട് ആകുന്നതേ ഉള്ളൂ.
“മുസ്തപ്‌ഫാ.. മുസ്തപ്‌ഫാ..“ ബസ്സില്‍ എ.ആര്‍ റഹ്മാന്റെ പാട്ട്. “ധിം..ധിം..“ രണ്ട് മൈല്‍ അകലെ കേള്‍ക്കാം മുഴക്കം.

അങ്ങനെ ഒരു മണി കഴിഞ്ഞപ്പോള്‍ തിരൂര്‍ എത്തി.ഹോട്ടലില്‍ കയറി ബിരിയാണി കഴിച്ചു.പുറത്തിറങ്ങി പോസ്റ്ററുകള്‍ നോക്കിയപ്പൊള്‍ വീണ്ടും കണ്‍ഫ്യൂഷന്‍.ഏതു സിനിമ കാണും?

രണ്ടു തീയറ്ററുകളില്‍ മൂന്നാംകിട തമാശപ്പടങ്ങള്‍.അതു വേണ്ട. പിന്നൊന്നില്‍ തമിഴ് പടം..വി.ഐ.പി. രംഭ,സിമ്രാന്‍,പ്രഭുദേവ,അബ്ബാസ് ഇവരാണ് താരങ്ങള്‍. ആരെയും ആകര്‍ഷിക്കാന്‍ പോന്ന വേഷവിധാനത്തില്‍ രംഭയും സിമ്രാനും നിന്ന് ചിരിക്കുന്നു. ഇതിനു കയറിയാലോ? യുവാക്കളുടെ ഹരമായ മേല്പറഞ്ഞ നാലു പേര്‍..പാട്ട്..ഗ്ലാമര്‍..സ്റ്റണ്ട്..!!

ഈശ്വരാ…ഞാനീ പടത്തിനു കേറുന്നത് പഠിപ്പിച്ച കുട്ടികളാരെങ്കിലും കണ്ടാലോ?പണ്ടൊരിക്കല്‍ “അനുഭൂതി“ എന്നസിനിമ കാണാന്‍ ക്യൂവില്‍ നിന്നപ്പൊളുണ്ടായ അനുഭവം മറക്കാറായിട്ടില്ല. പിറകില്‍ നിന്നൊരു വിളി.

മാഷേ…”

തിരിഞ്ഞു നോക്കിയപ്പൊള്‍ കഴിഞ്ഞവര്‍ഷം പത്താം ക്ലാസില്‍ പഠിച്ചിരുന്ന ഒരു കുരുത്തംകെട്ടവന്‍!ഇവന്‍ പുറകില്‍ ഉണ്ടായിരുന്നോ?അവന്റെ മുഖത്ത് ഒരു കള്ളച്ചിരി..”മാഷ് ഇത്തരം സിനിമയൊക്കെ കാണും അല്ലെ?” എന്നു ചോദിക്കും പോലെ!

ഇനിയേതായാലും തിരൂര്‍ വച്ച് ഇത്തരം ചെറിയ മസാലകളുള്ള സിനിമ കാണില്ലെന്ന് അന്നു തീരുമാനമെടുത്തതാണ്. വേറെ ഏതുണ്ട് പടം? അതാ നാലാമത്തെ തീയറ്ററിലെ പോസ്റ്റര്‍…
അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയ, മനുഷ്യ മനസ്സിന്റെ ചേതനകളും സ്പന്ദനങ്ങളും മിത്തുകളും വൈയക്തിക വികാര വിക്ഷോഭങ്ങളും കൊണ്ട് ചാലിച്ചെഴുതിയ ഒരു അസാധാരണ ചലച്ചിത്രകാവ്യം..
പന്ഥാവ്
രചനയും സാക്ഷാത്കാരവും ഒരു ലോകപ്രശസ്ത ബുദ്ധിജീവി.

എന്താണീ പന്ഥാവ്? വല്ല ഹിന്ദിയൊ മറ്റോ ആണൊ?ഹേയ്, മലയാളം തന്നെ! മോശമാവില്ല,ഒത്തിരി അവാര്‍ഡ് ഒക്കെ കിട്ടിയതല്ലെ?വേഗം ഓട്ടോ പിടിച്ച് തീയറ്റരിലെത്തി. ടിക്കറ്റെടുത്ത് അകത്ത് കയറി.

ടെസ്റ്റ് പേപ്പറുള്ള ദിവസത്തെ ക്ലാസ്സുപോലെയാണു തീയറ്ററിനകം.അങ്ങിങ്ങ് ഞാറു നട്ട പോലെ എട്ട് പത്ത് തലകള്‍. അല്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഇത്തരം സാംസ്കാരിക മൂല്യമുള്ള സിനിമകള്‍ വേണ്ടല്ലോ! അവാര്‍ഡ് ചിത്രങ്ങള്‍ ആസ്വദിക്കാന്‍ കഴിവുള്ള അപൂര്‍വ്വം ചില ജീനിയസ്സുകളുടെ നിലവാരത്തിലേയ്ക്ക് ഞാനും ഉയര്‍ന്നല്ലോ എന്നാലോചിച്ചപ്പൊള്‍ മനസ്സ് പുളകം കൊണ്ടു.

ബെല്ലടിച്ചു.പടം തുടങ്ങി.അതാ ഒരുവന്‍ ഇടവഴികളിലൂടെ നടന്നുവരുന്നു.വളഞ്ഞു പുളഞ്ഞ് പൊകുന്ന ഇടവഴികള്‍.ഒരു പതിനഞ്ച്-ഇരുപതു മിനിട്ടോളം ഇടവഴികളിലൂടെ അയാള്‍ യാത്ര ചെയ്തു.പശ്ചാത്തലത്തില്‍ ഒരു കുട്ടിയുടെ കരച്ചില്‍.ഈശ്വരാ..എന്താ ഇത്?

രക്ഷപ്പെട്ടു.നായകന്‍ റോഡിലെത്തി.അതാ ഒരു ബസ് വരുന്നു.അയാള്‍ അതില്‍ കയറി. പിന്നെ ഏകദേശം മുപ്പത് മിനിറ്റ് നേരം ബസ് യാത്ര.വഴിയോരത്തെ കാഴ്ചകള്‍… ബസ് അങ്ങനെ പോകുന്നു.
താനൂര്‍,പരപ്പനങ്ങാടി,അത്താണിക്കല്‍,കോട്ടക്കടവ് വഴി ചാലിയം…

വീണ്ടും രംഗം മാറി.നായകന്‍ വല വീശുന്നു.ഒന്നും കിട്ടുന്നില്ല. വീണ്ടും വീണ്ടും വീശുന്നു. ഇതു കാണാനാണോ ഞാന്‍ 20 രൂപ കൊടുത്തത്? താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്ന് അഞ്ച് മിനിറ്റ് നടന്നാല്‍ കടപ്പുറത്തെത്താം.അവിടത്തെ സ്ഥിരം കാഴ്ചയാണല്ലോ ഇത്!

ഞാന്‍ വീണ്ടും സമാധാനം കണ്ടെത്തി ’വയനാട്,ഇടുക്കി പോലുള്ള പ്രദേശത്തെ ആളുകള്‍ക്കു കൂടി കാണാന്‍ വേണ്ടിയാണല്ലോ പടം പിടിക്കുന്നത്. വിശാലമായ കാഴ്ചപ്പാടില്ലാത്തതാണ് ഇന്നത്തെ യുവത്വത്തിന്റെ പ്രശ്നമെന്നു ഏതോ ഒരു മഹാന്‍ പറഞ്ഞത് എത്ര ശരിയാണ്!‘

അതാ… അയാള്‍ തോണിയില്‍ നിന്നു വീഴുന്നു. ഉടനെ മറ്റു തോണിക്കാരോ ഫിഷറീസ് വകുപ്പിന്റെ ബോട്ടുകളോ മുങ്ങല്‍ വിദഗ്ദ്ധരോ വന്നു രക്ഷിക്കുമായിരിക്കും. ഹേയ്..ആരെയും കാണുന്നില്ലല്ലോ? വിജനമായ കടലും അനാഥമായ തോണിയും മാത്രം.
തീയറ്ററില്‍ നീണ്ട മണിയടി. പടം കഴിഞ്ഞോ?!

* * * * *
തൊട്ടുമുന്നില്‍ നടന്നു നീങ്ങുന്ന താടി നീട്ടിയ,തോളില്‍ സഞ്ചി തൂക്കിയ, ചുളുങ്ങിയ ജുബ ധരിച്ച ബുദ്ധിജീവി തന്റെ കൂടെയുള്ള മകന് ചിത്രത്തിന്റെ സാരാംശം വിവരിക്കുന്നു. “ഇടവഴികളിലൂടെയുള്ള യാത്ര ഒരുവന്റെ ജനനത്തെ കുറിക്കുന്നു. ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്ത് വന്ന മനുഷ്യന്‍ തന്റെ ജീവിതയാത്ര തുടരുന്നു. അതാണ് ബസ് യാത്ര. ജീവിതവിജയത്തിനു വേണ്ടിയുള്ള പ്രയത്നമാണ് വലവീശല്‍. ലക്ഷ്യം കാണാനാകാതെ അവസാനം….”

അതുശരി..ഇത്രയും കാര്യം പറയാനാണ് ഒന്നര-രണ്ട് മണിക്കൂര്‍! പക്ഷെ എന്താണീ പന്ഥാവ്? എന്താണീ മിത്തുകളും വികാര വിക്ഷോഭങ്ങളും? ബസ് സ്റ്റാന്റിലെത്തി കാലിച്ചായ കുടിച്ചിരിക്കുമ്പോള്‍ മനസ്സിലെ ചോദ്യം അതായിരുന്നു.

ബസില്‍ കയറി. സൈഡ് സീറ്റ് കിട്ടി. ബസ് ടൌണ്‍ വിട്ടു. വെറുതെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ചായക്കടകളിലും ഭിത്തികളിലും ഒട്ടിച്ച പോസ്റ്ററുകളില്‍ നിന്ന് രംഭയും സിമ്രാനും അപ്പൊഴും ചിരിക്കുന്നുണ്ടായിരുന്നു.

No comments:

Post a Comment