Saturday, August 20, 2011

ജനി മൃതികള്....

ഒരു ചുമരിനപ്പുറം നിങ്ങള് കിടപ്പുണ്ട്
പക്ഷെ, ബാലന് മാഷ് , ഞങ്ങളിന്നന്യര് മാത്രം.
ശീതീകരിച്ച മുറിയില് നിങ്ങള് കിടക്കുന്നു,
പുറത്തു വരാന്തയില് പേപ്പറില് ഞങ്ങളും.

പതിനൊന്നു മണിക്ക് അകത്തേക്ക് പോയൊരാള്
പുറത്ത് വന്നു രണ്ടു മണിക്കൂറിനുള്ളില്.!
പത്തു ദിവസമായി നിങ്ങള് കിടക്കുന്നു
വരുന്നില്ലേ?, ഞങ്ങള് കുറച്ചു പേര് കാത്തിരിക്കുന്നു.

ആയിരം രൂപ നിന് ചികിത്സ ചെലവിനായ്
ശമ്പളത്തില് നിന്നു പിരിച്ചിടുമ്പോള്
ചോദിച്ചിടുന്നു സഹപ്രവര്ത്തകര് ചിലര്
ഇതു കൊണ്ട് തീരുമോ? ഇനിയെത്ര വേണം?

രണ്ടു മണിക്കൂര് മുമ്പ് വീല് ചെയറില് ഇരുന്ന്
കൈ വീശി ചിരി തൂകി പോയോരാളെ
സ്ട്രെച്ചറില് തള്ളുമ്പോള് മോഴിഞ്ഞൊരു കാക്കിധാരി
"ഞങ്ങള് പ്രതീക്ഷിച്ചത് നിങ്ങടെ ബാലനെ.."

പിറ്റേന്ന് രാവിലെ വാതില് തുറന്നിട്ട്
കാവല്ക്കാര് ചൊല്ലി, "വേണ്ടവര് കണ്ടോളൂ"
പോയവര് കണ്ണീരും കുനിഞ്ഞ ശിരസുമായി
തിരികെ വരുന്നത് നോക്കി ഞാന് നിന്നു.

തെല്ലു വടക്കോട്ട് മാറി നിന്നിട്ട് ഞാന്
എല്ലാം മറന്നൊന്നു പൊട്ടിക്കരയവേ..
കേള്ക്കുന്നു പൊട്ടിച്ചിരിയും ബഹളവും
കേവലം ഒരു നൂറു വാരയ്ക്കും അപ്പുറം.

പ്രായമായോരുമ്മ, നീട്ടിയ ലഡ്ഡുവുമായി
"ഞാനിന്നു മൂത്തമ്മയായി", വാങ്ങാതെ വയ്യ.
വിറക്കുന്നു ആ ലഡ്ഡു എന്റെ കൈ വെള്ളയില്
കഴിക്കട്ടെ? ബാലന് മാഷ് , നന്നായി വിശക്കുന്നു....

മഴയും പിന്നെ പ്രണയവും...

മഴയെ പ്രണയത്തോടാണ്
ഉപമിക്കാറുള്ളത് .
അതോ, തിരിച്ച് പ്രണയത്തെ
മഴയോടോ?

സമാനതകള് ഇല്ലാത്ത
ഇവയെ തമ്മില്
ഒന്നിനോടൊന്നു സാമ്യം ചൊല്ലാന്
കാരണം എന്തെന്നറിഞ്ഞില്ല ഞാന്..

മഴ, മണ്ണിനും മനസ്സിനും
കുളിരായി തീരുമ്പോള്
പ്രണയം മനസ്സിനെ
പൊള്ളിക്കുന്നു..

ഋതു ഭേദങ്ങളില്
മഴ വീണ്ടും വന്നണയുന്നു.
പ്രണയം പണ്ടെന്നോ
ഒരിക്കല് വന്നു പോയി ..

പഞ്ച ഭൂതങ്ങളില്
ജലം ആണ് മഴയെങ്കില്
എല്ലാം വെന്തുരുക്കുന്ന
അഗ്നിയാണ് പ്രണയം.

വിണ്ണിലും കണ്ണിലും നിന്നുതിരും
നീര്കണം ആണോ കേവല സാമ്യത?
താലി ചരടിനാല് രണ്ടാത്മക്കളെ പോലെ
ബന്ധിച്ചിടണോ ഇവയെ എന്നും?

മഴ മഴയായി
പെയ്തിറങ്ങട്ടെ..
പ്രണയം എന്നും
അതായി തന്നെ ഇരിക്കട്ടെ.

പ്രണയത്തിന്റെ നാനാര്ഥങ്ങള്...

എഴുതി തീരാറായ കല്ലുപെന്സില്
പങ്കു വയ്ക്കുന്നതാണ് പ്രണയം
എന്ന് മനസിലാക്കിച്ചത്
ഒന്നാം ക്ലാസ്സില് വച്ച് സൈനബ. . .

ഇളം ചൂടുള്ള മുലപാല് ആണ്
പ്രണയം എന്ന്
അമ്മ പഠിപ്പിച്ചിരുന്നു
അതിനും മുന്പേ...

ചുട്ടു പൊള്ളുന്ന വികാരങ്ങള്ക്കിടയില്
പങ്കുവയ്ക്കുന്ന നിശ്വാസമാണ്
പ്രണയം എന്നറിയിച്ചത്
കലാലയ കാലത്തെ കാമിനി....

പ്രാരബ്ധങ്ങള്ക്കിടയില് വല്ലപ്പോഴും
മാറില് തലചായ്ച്
പങ്കിടുന്ന നെടുവീര്പ്പുകള് ആണ്
പ്രണയം എന്ന് പ്രിയതമ....

പ്രതിബന്ധങ്ങള്ക്കിടയില് ഒരിക്കലും
തമ്മില് കാണില്ല എന്നറിഞ്ഞിട്ടും
സാന്ത്വനത്തിന് ഒരാളുണ്ട് എന്നവിശ്വാസം
ആണ് പ്രണയം എന്ന് നീയും ...

പ്രണയത്തിന്റെ അര്ത്ഥവും പിന്നെ,
നാനാര്ത്ഥവും തേടി
ഇന്നും ഞാന് അലയുന്നു..
എന്നും ഞാന് കാമുകന് .