Saturday, August 20, 2011

ജനി മൃതികള്....

ഒരു ചുമരിനപ്പുറം നിങ്ങള് കിടപ്പുണ്ട്
പക്ഷെ, ബാലന് മാഷ് , ഞങ്ങളിന്നന്യര് മാത്രം.
ശീതീകരിച്ച മുറിയില് നിങ്ങള് കിടക്കുന്നു,
പുറത്തു വരാന്തയില് പേപ്പറില് ഞങ്ങളും.

പതിനൊന്നു മണിക്ക് അകത്തേക്ക് പോയൊരാള്
പുറത്ത് വന്നു രണ്ടു മണിക്കൂറിനുള്ളില്.!
പത്തു ദിവസമായി നിങ്ങള് കിടക്കുന്നു
വരുന്നില്ലേ?, ഞങ്ങള് കുറച്ചു പേര് കാത്തിരിക്കുന്നു.

ആയിരം രൂപ നിന് ചികിത്സ ചെലവിനായ്
ശമ്പളത്തില് നിന്നു പിരിച്ചിടുമ്പോള്
ചോദിച്ചിടുന്നു സഹപ്രവര്ത്തകര് ചിലര്
ഇതു കൊണ്ട് തീരുമോ? ഇനിയെത്ര വേണം?

രണ്ടു മണിക്കൂര് മുമ്പ് വീല് ചെയറില് ഇരുന്ന്
കൈ വീശി ചിരി തൂകി പോയോരാളെ
സ്ട്രെച്ചറില് തള്ളുമ്പോള് മോഴിഞ്ഞൊരു കാക്കിധാരി
"ഞങ്ങള് പ്രതീക്ഷിച്ചത് നിങ്ങടെ ബാലനെ.."

പിറ്റേന്ന് രാവിലെ വാതില് തുറന്നിട്ട്
കാവല്ക്കാര് ചൊല്ലി, "വേണ്ടവര് കണ്ടോളൂ"
പോയവര് കണ്ണീരും കുനിഞ്ഞ ശിരസുമായി
തിരികെ വരുന്നത് നോക്കി ഞാന് നിന്നു.

തെല്ലു വടക്കോട്ട് മാറി നിന്നിട്ട് ഞാന്
എല്ലാം മറന്നൊന്നു പൊട്ടിക്കരയവേ..
കേള്ക്കുന്നു പൊട്ടിച്ചിരിയും ബഹളവും
കേവലം ഒരു നൂറു വാരയ്ക്കും അപ്പുറം.

പ്രായമായോരുമ്മ, നീട്ടിയ ലഡ്ഡുവുമായി
"ഞാനിന്നു മൂത്തമ്മയായി", വാങ്ങാതെ വയ്യ.
വിറക്കുന്നു ആ ലഡ്ഡു എന്റെ കൈ വെള്ളയില്
കഴിക്കട്ടെ? ബാലന് മാഷ് , നന്നായി വിശക്കുന്നു....

No comments:

Post a Comment