Sunday, December 5, 2010

യാത്ര ചോദിപ്പൂ ഞാന്‍...

ഇതൊരു പഴയ പ്രണയ കഥയാണ്. എണ്‍പത്കളിലെ ഒരു കോളേജ് ക്യാമ്പസ്‌.

ഇ- മെയിലും ചാറ്റിങ്ങും എസ്. എസ് .എം സുകളും ഇല്ലാത്ത ഒരു പഴഞ്ചന്‍ ക്യാമ്പസ്‌. അന്ന് പ്ലസ് റ്റു ഇല്ല. പ്രീ ഡിഗ്രീ ആയിരുന്നു അന്നത്തെ ജൂനിയേര്‍സ്‌...
ഇത് നിര്‍മല കോളേജ്.. മുവാറ്റുപുഴ .

ഒരു ഓഗസ്റ്റ്‌ മാസം. മഴ ചാറ്റല്‍ വക വയ്ക്കാതെ നവാഗതരെ കാത്തു നില്‍ക്കുകയാണ് ഒരു നാല്‍വര്‍ സംഘം.
ഇന്നാണ് പ്രീ ഡിഗ്രി ഒന്നാം വര്‍ഷ ക്ലാസ്സ്‌ തുടങ്ങുന്നത്.
താഴെ നിന്നും കയറിവരുന്ന പുതു മുഖങ്ങളെ കാണാനും പരിചയപ്പെടാനും വേണ്ടി കാത്തിരിക്കുന്നു. വിഷ്ണു, അഷ്‌റഫ്‌, ബോബി , ശ്രീകുമാര്‍. ഇവര്‍ നാല് പേരും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍.
പേര് ചോദിക്കുന്നു.. നാട് ചോദിക്കുന്നു..
ഇടയില്‍ മൂന്നുപെണ്‍കുട്ടികള്‍ നടന്നു വരുന്നു.
പേര് ചോദിച്ചു..
"ദിവ്യ, ജിഷ...."
പറയാന്‍ മടിച്ച മൂന്നാമത്തെ പെണ്‍കുട്ടിയോട് അല്‍പ്പം ദേഷ്യത്തില്‍ ശ്രീ കുമാര്‍ ചോദിച്ചു.. "നിന്നോട് ഇനി പ്രത്യേകം ചോദിക്കണോ?"
"സന്ധ്യ. "
ശ്രീകുമാര്‍ അവളുടെ മുഖത്ത് നോക്കി. പേടിച് അരണ്ട പോലെ.. മുഖം പേടി കൊണ്ട് ചുവന്നു തുടുത്തിട്ടുണ്ട്. ഒരു മുയല്‍ കുട്ടി പോലെ ... ശ്രീകുമാറിന് എന്തോ ഒരു അനുകമ്പ തോന്നി.
പിന്നെ ദിവസങ്ങള്‍ കടന്നു പോയി. പലപ്പോഴും പല ക്ലാസ്സിലും പല കുട്ടികളെയും കണ്ടു സീനിയേര്‍സ് അങ്ങനെ നടന്നു.
പൂമ്പാറ്റകളും കരിവണ്ടുകളും പാറി നടന്നു.
ക്യാന്റീനില്‍, ഇടനാഴിയില്‍, ഗോവണിയില്‍, ലാബിന്റെ ഇരുളില്‍..
സെപ്റ്റംബര്‍ വന്നണഞ്ഞു.
അന്ന് ആര്‍ട്സ് ഡേ ആയിരുന്നു.
ഉദ്ഘാടന ശേഷം കലാപരിപാടികള്‍ ആരംഭിച്ചു.
അന്ന് ശ്രീകുമാര്‍ ഒരു പാട്ട് പാടി.
"നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍
തുളസി കതിരില ചൂടി
തുഷാര ഹാരം മാറില്‍ ചൂടി
താരുണ്യമേ നീ വന്നു..."
അത് പാടുമ്പോള്‍ ശ്രീകുമാറിന്റെ മനസ്സില്‍ , നിര്‍മല കോളേജ് കുന്നു നടന്നു കയറി വരുന്ന ആ സുന്ദരി ആയിരുന്നു. പേടിച്ചരണ്ട ആ മുയല്‍ കുട്ടി.

ആ വര്‍ഷത്തെ കോളേജ് ഇലക്ഷന്‍.
ശ്രീകുമാര്‍ ആയിരുന്നു എസ്. എഫ്. ഐ. യുടെ ആര്‍ട്സ് ക്ലബ്‌ സെക്രട്ടറി പ്രതിനിധി.


ചൂടേറിയ പ്രചരണം. സന്ധ്യയും കൂട്ടുകാരികളും വളരെ സജീവമായി രംഗത്ത് ഉണ്ടായിരുന്നു. പാട്ട് പാടി ശ്രീകുമാര്‍ ഓരോ ക്ലാസും കയറി ഇറങ്ങി. എത്ര താല്പര്യത്തോടെ ആണ് സന്ധ്യ വോട്ട് ചോദിക്കുന്നത്?
അതിനിടയില്‍ എത്ര ഫ്രീ ആയി സംസാരിക്കുന്നു?

ഇലക്ഷന്‍ കഴിഞ്ഞു. വന്‍ ഭൂരിപക്ഷത്തോടെ ശ്രീകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.
യൂണിയന്‍ ഉദ്ഘാടന ദിവസം.
ഗാനമേള..
കൊച്ചിന്‍ ബീറ്റ്സ് അവതരിപ്പിക്കുന്നു.
"അടുത്തതായി നമ്മുടെ ആര്‍ട്സ് ക്ലബ്‌ സെക്രട്ടറി ശ്രീകുമാര്‍ പാടുന്നു."
നിറഞ്ഞ കരഘോഷതിനിടയില്‍ പാട്ട് തുടങ്ങി...

"ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍..
ഇട നെഞ്ചില്‍ കൂട് കൂട്ടുന്ന സുഖം.."

വല്ലാത്ത ഒരു ലയത്തില്‍ സദസ് കേട്ടിരുന്നു.

പിന്നെ ക്ലാസ്സിന്റെ, ലാബിന്റെ തിരക്കായി..
ശ്രീകുമാര്‍ ഇടക്ക് ആഗ്രഹിച്ചു...
എന്തെ ഒന്ന് തിരിഞ്ഞു നോക്കാന്‍, ഒന്ന് മിണ്ടാന്‍ ഇത്ര മടി?

ഒരു ദിവസം ഉച്ചക്ക് ഇവര്‍ നാലുപേരും എം . എസ്. ടൂ ക്ലാസ്സിന്റെ അടുത്തെത്തി. വിഷ്ണു അകത്തു കയറി സന്ധ്യയോടു ചോദിച്ചു. " സന്ധ്യ മിണ്ടാത്ത കൊണ്ടാണ് ശ്രീകുമാറിന് എന്തോ ഒരു വിഷമം.. "
പിന്നെ ഒരു ഇരമ്പല്‍ മാത്രമേ ശ്രീകുമാര്‍ കേട്ടുള്ളൂ..
" ഞാന്‍ എന്താ അയാളുടെ ........"
തലയില്‍ എവിടൊക്കെയോ ഒരു കറക്കം.. എങ്ങനെ നടന്നു താഴെ എത്തി എന്നറിയില്ല. കോളേജ്, സുഹൃത്തുക്കള്‍, ടീച്ചര്‍മാര്‍.. എല്ലാവരും പരിഹസിക്കുന്ന പോലെ.. ഒളിക്കണം. എത്രയും പെട്ടെന്ന്...
*********************************************************
കാലം പെട്ടെന്ന് നീങ്ങി.
മഞ്ഞു പോയി ഇളം വെയില്‍ പ്രകാശിച്ചു തുടങ്ങി.
ഒരു കോളേജ് ഡേ..
ഒരു വര്‍ഷത്തെ അവസാന ചടങ്ങ്..
പിരിയുന്നവര്‍, അടുത്ത വര്ഷം കാണാം എന്ന് പ്രതീക്ഷിക്കുന്നവര്‍.. എല്ലാവരും ഒരു അവസാന കൂടിചെരലിനു ഒത്തു കൂടി.
പ്രസംഗവും പാട്ടും..
"അടുത്തതായി നമ്മുടെ ആര്‍ട്സ് ക്ലബ്‌ സെക്രട്ടറി ശ്രീകുമാര്‍ നിങ്ങള്‍ക്കായി പാടുന്നു". നീണ്ട കരഘോഷം. കര്‍ട്ടന്‍ പൊങ്ങി.. സദസ് ഞെട്ടിതരിച്ചുനിന്നു. ഈശ്വരാ, ഇത് എന്തൊരു രൂപം? അലക്ഷ്യമായ മുടി, മെലിഞ്ഞുണങ്ങിയ ദേഹം, വറ്റിയ കണ്ണുകള്‍..
ഗാനം തുടങ്ങി.

"സന്യാസിനി, നിന്‍ പുണ്യആശ്രമത്തില്‍ ഞാന്‍
സന്ധ്യ പുഷ്പവുമായ് വന്നു...
ആരും തുറക്കാത്ത പൂമുഖ വാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നൂ"

തളര്‍ന്ന ശബ്ദത്തില്‍ അയാള്‍ പാടി തീര്‍ത്തു.
സന്ധ്യക്ക് ഒരു വല്ലാത്ത ഉള്‍ക്കിടിലം തോന്നി. എന്ത് പറ്റി ഈ മനുഷ്യന്? എത്ര സ്മാര്‍ട്ട്‌ ആയിരുന്നു?
**********************************
പിന്നെ ഒരിക്കല്‍ അഷ്‌റഫ്‌ നെ കണ്ടപ്പോള്‍ സന്ധ്യ ചോദിച്ചു.
"എന്ത് പറ്റി ശ്രീകുമാറിന്?"
"ഒന്നും പറയേണ്ട കുട്ടി, അന്ന് നിന്നെ കാണാന്‍ വന്നപ്പോള്‍ എന്തോ മുഖം കറുത് പറഞ്ഞില്ലേ? അന്ന് തുടങ്ങിയതാ.. വെറും തൊട്ടാവാടി ആണ് അവന്‍. സ്വയം ഒതുങ്ങി കൂടി. പിന്നെ മദ്യം, മയക്കുമരുന്ന്, ഇതിലൊക്കെ അഭയം തേടി. ഞങ്ങള്‍ പോലും അറിയാന്‍ വൈകി. ഇപ്പോള്‍ എല്ലാം അവസാനിക്കുന്ന അവസ്ഥയിലാണ്.. കരളും ഹൃദയവും നശിച്ച അവസ്ഥയില്‍ സെന്റ്‌. ജോര്‍ജ് ആശുപത്രിയില്‍ ഉണ്ട്."
***********************************
ഒരു തണുത്ത കാറ്റ് വീശുന്നുണ്ട്..
അത് ഫാനിന്റെയോ, അതോ ജാലക തിരശീല നീക്കി മുവാറ്റുപുഴയാരില്‍ നിന്ന് വീശുന്നതോ?
സന്ധ്യ കടന്നു ചെല്ലുമ്പോള്‍ ശ്രീകുമാര്‍ ഉറക്കത്തില്‍ ആയിരുന്നു.
നേര്‍ത്ത കാലൊച്ച പോലും അയാളെ ഉണര്‍ത്തി.
മെല്ലെ ചാരി ഇരുന്നു.
വരണ്ട പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു..
" ഇരിക്ക്.."
"എന്താ ഇതൊക്കെ? ഞാന്‍ കേട്ടതൊക്കെ സത്യമാണോ? ഞാന്‍ കാരണം ആണോ ഇങ്ങനെ ?"
"അങ്ങനൊന്നും ഇല്ല, ഇതൊക്കെ ഒരു വിധി ആണ്.."
"എന്തിനാ വെറുതെ ജീവിതം നശിപ്പിക്കുന്നത്? "
"നശിക്കാന്‍ ഇനി ഒരു ജീവിതം ബാക്കി ഇല്ല "
"അങ്ങനെ പറയല്ലേ.. ഒരു വാക്ക് തുറന്നു എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാവില്ലായിരുന്നു. സാരമില്ല, ഇനി എന്നും ഞാന്‍ കൂടെ ഉണ്ടാകും."
"ഈ ഒരു വാക്ക് കേള്‍ക്കാന്‍ ഞാന്‍ ഒത്തിരി കൊതിച്ചിരുന്നു. ഇപ്പോള്‍ മരുന്നും മന്ത്രവും ഒന്നിനും എന്നെ തിരികെ കൊണ്ട് വരാന്‍ ആകില്ല. എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല..എനിക്കായി ഇനി സമയവും ജന്മവും കളയരുത്.. ഒക്കെ വെറും ഒരു പാഴ് കിനാവ് മാത്രം എന്ന് കരുതുക.."
പിന്നെ സന്ധ്യയുടെ കയ്യിലിരുന്ന നോട്ട് ബുക്ക്‌ വാങ്ങി വിറയ്ക്കുന്ന കൈകള്‍ കൊണ്ട് അയാള്‍ എഴുതി.. പണ്ട് പാടിയ പാട്ടിന്റെ അനുപല്ലവി ...

"നിന്റെ ഏകാന്തമാം ഓര്മ തന്‍ വീഥിയില്‍
എന്നെ എന്നെങ്കിലും കാണും..
ഒരിക്കല്‍ നീ എന്റെ കാല്പാടുകള്‍ കാണും.
അന്നും എന്‍ ആത്മാവ് നിന്നോട് മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു.
രാത്രി പകലിനോട് എന്നപോലെ യാത്ര ചോദിപ്പൂ ഞാന്‍...."