Monday, April 4, 2011

എന്‍ പ്രണയം.

നിന്റെ മൌനമാം വാല്മീകത്തില്‍
നീയൊളിച്ചിരിക്കുവതിനിയെത്ര നാള്‍?
ശലഭമായി പറന്നെന്നിലണയാന്‍
തുടിക്കുന്ന നെഞ്ചം ഒന്നില്ലേ?

കരിമ്പളത്തിന്റെ ഊഷ്മളതയില്‍
സ്വച്ഛമായി നീ ഉറങ്ങിടുമ്പോള്‍
നിന്‍ മിഴിരണ്ടും പിടക്കുവതെന്തേ?
ആരെ നീ സ്വപ്നത്തില്‍ കാണ്‍വൂ?

എത്ര നാള്‍ നീയി തപം ചെയ്തിരിക്കും?
നര വന്ന്.. ജര വന്ന്..പേരക്കിടാക്കളായി
ഒടുവിലൊരുപിടി ചാരമായ് പിന്നെ നമ്മള്‍
ഓര്‍മ്മകള്‍ മാത്രം ആകും വരേക്കോ?

ദ്വാപരയുഗത്തിലെ രാധയായ് തീരാതെ
വരുമൊരു ജന്മത്തില്‍ സാഫല്യം തേടാതെ
വരിക നീ സഖി.. ഇതുവരെ പാടിട്ടും
ബാക്കിയുള്ളതാണെന്‍ പ്രണയം.

എന്റെ മുഖം.

ഓര്‍കൂട്ടിലെ ഫോട്ടോ കണ്ടാദ്യം കലഹിച്ച്
ഏറെ പഴി പറഞ്ഞതെന്റെ ഭാര്യ.
പഴയൊരു ഷര്‍ട്ടും തോളത്തെ സഞ്ചിയും
കണ്ടിട്ടവള്‍ക്കൊട്ടും പിടിച്ചില്ലത്രേ..

കൂട്ടുകാര്‍ ചൊന്നതാണേറെ രസകരം
എന്‍ മുഖമൊട്ടും സുന്ദരമായിട്ടില്ല.
ജാഡ കാണിച്ചുള്ള നില്‍പ്പാണ് എന്റേത്..
അതുകൊണ്ടവര്‍ക്കും ഇഷ്ടം ആയിട്ടില്ലപോലും!

കണ്ണാടികള്‍ പോലും കള്ളം പറയുമ്പോള്‍
എന്നെ ഞാനെങ്ങനെ നിങ്ങളിലെത്തിക്കും?

ഒരുവേള ചിന്തിച്ചു സൂപര്‍സ്റ്റാര്‍ ഒന്നിന്റെ
ഫോട്ടോ എടുത്തങ്ങു കാച്ചിയാലോ?
വേണ്ടെന്നു വച്ചു, അത് ഞാനാവില്ല.
പകരം ഞാനൊരു സീനറി ചേര്‍ത്തു.

ആരോ പകര്‍ത്തിയ സുന്ദര ചിത്രം
കടലും സൂര്യനും, പിന്നെ ഇരുണ്ടൊരു മുഖവും.
തല്ക്കാലം ഞാനതെന്റെ പകരമായി വയ്ക്കുന്നു.
യോജിച്ച മറ്റൊന്ന് കിട്ടും വരേയ്ക്കും.

പാഥേയം .

ഇത് യാത്ര പുറപ്പെട്ടവര്‍ക്ക്...
അല്ലെങ്കില്‍ പുറപ്പെടാന്‍ ഒരുങ്ങുന്നവര്‍ക്ക്..
പോകാതിരിക്കാന്‍ നിനക്കാവില്ലെന്നറിയാം
തടയാന്‍ ഞാനും അശക്തന്‍.

ഇത് ഇലവാട്ടി പൊതിഞ്ഞെടുത്ത
ഇത്തിരി ചോറും കൂടെ, മുളകുടച്ച ചമ്മന്തിയും.
കറികള്‍ ഏറെയില്ല, നളനല്ല ഞാന്‍
ഒരിക്കലും നല്ല വിളമ്പുകാരനും ആയിരുന്നില്ല.

വഴിയേറെ താണ്ടെണ്ടിവരില്ലേ?
കേടുവരില്ല, ഇതിലെന്‍ പ്രത്യേക കൂട്ടുണ്ട്.
ഉപ്പു ചേര്‍ത്തിട്ടതിലൊട്ടും, രുചിക്കുന്നതോ
പൊതിയുമ്പോള്‍ പോടിഞ്ഞോരെന്‍ കണ്ണീര്‍.

നന്നായ് വിശക്കുമ്പോഴി പൊതിയഴിക്കാം..
മതി വരില്ലെങ്കിലും വിശപ്പുമാറ്റാം.
എന്നിട്ടിടക്കൊന്നു മയങ്ങാന്‍ കഴിഞ്ഞാല്‍
ചിന്തിക്ക, എന്തിനീ പൊതിചോറു ഞാന്‍ നല്‍കി?

ഭീമ പര്‍വ്വം.

പ്രിയേ..
സൌഗന്ധികം തേടി എന്നെ നീ അയച്ചത്
ഒന്നാമന് വേണ്ടി ആയിരുന്നോ?
കീച്ചകനെക്കൊല്ലാന്‍ എന്നെ നീ വിട്ടത്
വില്ലാളി വീരനെ രക്ഷിക്കാനോ?

കുരുവിനെ കൊന്നു, രുധിരം പുരട്ടി
മുടി മാതിയോതുക്കാന്‍ പ്രതിജ്ഞ ചെയ്യെ..
ആരെ നീ ചിന്തിച്ചു? മക്കളെയോ അതോ
എന്‍ കുഞ്ഞു രണ്ടനുജരെയോ ?

ആരെ നീ സ്നേഹിച്ചു? ആരെ നീ പ്രണയിച്ചു?
അറിയില്ലെനിക്കീ വൈകിയ നേരത്തും.
എല്ലാം നിനക്കായി ഏറ്റു വാങ്ങുമ്പോഴും
മോഹിച്ചതിത്തിരി സ്നേഹവും പ്രണയവും

നായ്ക്കത്തി ശാന്ത

അനന്തമായുള്ള യാത്രക്കിടയ്ക്കന്നു
തൃശൂര് ഫാസ്റ്റ് പുറപ്പെടാനിരിക്കവേ
അസുലഭമായൊരു നിര്വൃതി നല്കി
മൃദുലമാം കരമൊന്നു എന്തുടയില് ഇഴഞ്ഞു.

ഞെട്ടിയുണര്ന്നു ഞാനെന് പുരുഷത്വതോടൊപ്പം
അയ്യേ ! ഇതൊരു പിച്ചക്കാരി, കാശിനു തെണ്ടുന്നു.
മുന്നില് നിന്നാരോ പറയുന്നത് കേട്ടു..
'ഇത് നായ്ക്കത്തി ശാന്ത, അവള്ക്കിതെ അറിയൂ.'

പെട്ടെന്ന് ഞാനെന് കലാലയകാലത്തെ
മരിക്കാത്ത ഓര്മ്മകളൊന്നില് അകപ്പെട്ടു.
എന്റെ പ്രദീപ്തമാം സ്മരണയില് ഒരാളാവാന്
ശാന്തേ, നീയെന്റെ ആരായിരുന്നു?

പുളപ്പന് കാറുകളില് മുതലാളിമാര് വരെ
നൂറിന്റെ നോട്ടുകളുമായി വരുമായിരുന്നിട്ടും
കുമ്മായക്കടയുടെ പിന്നാമ്പുറത്ത് നിന്നു
കണ്ണെറിഞ്ഞതെന്തിനു നീ കോളേജ് പിള്ളേരെ?

നീ നിന്റെ കൌമാരം ഓര്ത്തതാവാം..
അല്ലെങ്കില് നിന്നനുജനെ ഓര്ത്തതാവം..
കണ്ടതില്ലിതുവരെ ഗോതമ്പിന് നിറമാര്ന്ന
പൂവമ്പഴം പോലൊരു തമിഴത്തി പെണ്ണിനെ.

വര്ഷങ്ങള് കഴിഞ്ഞു ഞാന് വീണ്ടും കാണുമ്പോള്
നീ പുഴയോരത്തെ ഷാപ്പില് കള്ളിനായി കെഞ്ചുന്നു!
കിടക്കയില് പോരാടാന് മുതലാളിമാര് തന്ന
മദ്യം, നിന്നെയാ ഷാപ്പില് കൊണ്ടെത്തിച്ചോ?

നിമിഷനേരത്തെ സുഖത്തിനു ഞാനിന്നു
തന്നത് വെറും രണ്ടു നാണയത്തുട്ടുകള്
നിന്റെ കടാക്ഷങ്ങള് കിട്ടാന് കൊതിക്കവേ
അന്നെന്റെ പോക്കറ്റിലും ഈ തുട്ടുകള് മാത്രം.

ശാന്തേ, തളരുന്നു, നീയുണര്ത്തിയോരെന് പൌരുഷം..
ഉണരില്ലോരിക്കലുമീവിധം ഒരു പെണ്ണിനായി..
കാരണം, ശാന്തേ ഞാനും നിന്നെ കാമിച്ചിരുന്നു.
സ്വപ്നത്തില് ഞാന് നിന്നെ പ്രാപിച്ചിരുന്നു.

ഗ്രാമം വിളിക്കുന്നു

അകലെ നിന്നെന്റെ ഗ്രാമം വിളിക്കുന്നു
വരിക, വീണ്ടുമൊരു മാമ്പഴക്കാലമായി.
ഉരുകുന്ന ചൂടില്, ഇടക്കൊന്നു മയങ്ങുമ്പോള്
കാണുന്നു ഞാനിന്നു സ്വപ്നത്തിലെന് ഗ്രാമം.

കൊയ്ത്തു കഴിഞ്ഞ നെല്പാടങ്ങളൊക്കെയും
മീനച്ചൂടില് വിണ്ടുണങ്ങിയിട്ടുണ്ടാവാം..
അവയില് മുളപൊട്ടും പുതുനാമ്പുകള് തേടി
കാലികള് കുടമണിയാട്ടി മേയുകയാവാം..

ചെറുകാറ്റില് വീഴുന്ന രുചിയേറും മാമ്പഴം
മത്സരിച്ചോടി പെറുക്കയാവാം നാട്ടിലെ കുട്ടികള്..
വറ്റിത്തുടങ്ങിയ ചെറുതോട്ടില് പുളയ്ക്കുന്ന
ചെറു മീനുകള്ക്കൊപ്പം ചാടിതിമിര്ക്കുകയാവാം..

അമ്പലമുറ്റത്തെ അരയാലിന് തറയില് അന്തിക്ക്
നാട്ടുകാര് ഒത്തു ചേര്ന്നിരിക്കുകയാവാം..
കയ്യില് പ്രസാദവും കണ്ണില് തിളക്കവുമായി
പെണ്കൊടികള് തൊഴുതു മടങ്ങുകയാവം..

സ്വപ്നത്തില് മാത്രമെന് ഗ്രാമം വിടരുമ്പോള്
അറിയുന്നു ഞാനിന്നൊരു ദുഃഖ സത്യം.
തോടും പാടവും അമ്പലമുറ്റവും
മാമ്പഴവുമെല്ലാം എനിക്കിന്ന് ദൂരെയാണ്.

പറയാന് മറന്നത്..

ഗുല് മോഹര് ,
പറഞ്ഞില്ല ഞാനൊന്നും നിന്നോട് മാത്രമായി.
വരണ്ട കുന്നിന് പുറത്തെ
നമ്മുടെ കാമ്പസില്
വരട്ടുതിയറികളുടെയും
ഇരുണ്ട ലാബുകളുടെയും ഇടവേളകളില്
നമ്മളെത്രനേരം ഒരുമിചിരുന്നിട്ടുണ്ട്?
കളിചിരിതമാശകളില്
നീയെന്നും നിശബ്ദയായിരുന്നു.
ദളമര്മ്മരങ്ങള് കൊണ്ടുനീ മൂകമായി
എന്തോ ചൊല്ലാന് വിതുമ്പിയിരുന്നോ?
നീ പുഷ്പിണിയായത്
ജനുവരിയിലോ , അതോ ഫെബ്രുവരിയിലോ?
അരുണപുഷ്പങ്ങള് നീയെന്നില് ചൊരിഞ്ഞത്
അനുരാഗം അറിയിക്കാന് ആയിരുന്നോ?
മാര്ച്ചിലെ ചൂടില് ഉരുകിയൊലിച്ച്
കറുത്ത അക്ഷരങ്ങളില് മിഴിനട്ടിരിക്കുമ്പോള്
എന്നോര്മ്മയില് ഇപ്പോള് പൂത്തുലയുന്നത്
നീയും, പിന്നെ
ചുവപ്പ് വിതാനിച്ച നിന് നിഴല്പരപ്പും.
സാന്ധ്യശോഭയും ഹംസഗീതവും പോലെ
നീയും സ്മൃതികളില് മാത്രം നിറയവേ
ഇനിയെന്ന് ചൊല്ലും പറയാന് മറന്നത്?
നീയെനിക്കിന്നു പ്രിയമേറിയതാണെന്ന്