Monday, April 4, 2011

ഗ്രാമം വിളിക്കുന്നു

അകലെ നിന്നെന്റെ ഗ്രാമം വിളിക്കുന്നു
വരിക, വീണ്ടുമൊരു മാമ്പഴക്കാലമായി.
ഉരുകുന്ന ചൂടില്, ഇടക്കൊന്നു മയങ്ങുമ്പോള്
കാണുന്നു ഞാനിന്നു സ്വപ്നത്തിലെന് ഗ്രാമം.

കൊയ്ത്തു കഴിഞ്ഞ നെല്പാടങ്ങളൊക്കെയും
മീനച്ചൂടില് വിണ്ടുണങ്ങിയിട്ടുണ്ടാവാം..
അവയില് മുളപൊട്ടും പുതുനാമ്പുകള് തേടി
കാലികള് കുടമണിയാട്ടി മേയുകയാവാം..

ചെറുകാറ്റില് വീഴുന്ന രുചിയേറും മാമ്പഴം
മത്സരിച്ചോടി പെറുക്കയാവാം നാട്ടിലെ കുട്ടികള്..
വറ്റിത്തുടങ്ങിയ ചെറുതോട്ടില് പുളയ്ക്കുന്ന
ചെറു മീനുകള്ക്കൊപ്പം ചാടിതിമിര്ക്കുകയാവാം..

അമ്പലമുറ്റത്തെ അരയാലിന് തറയില് അന്തിക്ക്
നാട്ടുകാര് ഒത്തു ചേര്ന്നിരിക്കുകയാവാം..
കയ്യില് പ്രസാദവും കണ്ണില് തിളക്കവുമായി
പെണ്കൊടികള് തൊഴുതു മടങ്ങുകയാവം..

സ്വപ്നത്തില് മാത്രമെന് ഗ്രാമം വിടരുമ്പോള്
അറിയുന്നു ഞാനിന്നൊരു ദുഃഖ സത്യം.
തോടും പാടവും അമ്പലമുറ്റവും
മാമ്പഴവുമെല്ലാം എനിക്കിന്ന് ദൂരെയാണ്.

No comments:

Post a Comment