Sunday, February 27, 2011

ആത്മഹത്യ ചെയ്യുന്നവരോട് ...

ജയന്,
ഇത് നിനക്കുള്ള സ്മരണാന്ജലിയല്ല
ഇത് നിന്റെ മരണത്തില്‍ മനം നൊന്ത്
ഞാനെഴുതും വിലാപകാവ്യമല്ല
ഇത് വേറിട്ട ഒരു മരണക്കാഴ്ച.

" അര മണിക്കൂര്‍ കഴിഞ്ഞെന്റെ
വീട്ടില്‍ വരണം" നിന്‍ സന്ദേശം,
സാധാരണ പോലൊരു രണ്ടാം sms
വരുമെന്ന് ഞാനും കാത്തിരുന്നു.

പകരം വന്നത് തമാശ നിറഞ്ഞൊരു
sms ക്ലൈമാക്സ്‌ "ജെ.പി. മരിച്ചു "
പിന്നെ ഫോണ്‍വന്നു, ജെ.പി തൂങ്ങി,
മകളുടെ ഊഞ്ഞാലിന്‍ പ്ലാസ്റ്റിക്‌ കയറിന്മേല്‍.

അന്ന് രാത്രി നീ മോര്‍ച്ചറിയില്‍
ട്രെയിനിനു തലവച്ച തമിഴനോടൊപ്പം.
പിറ്റേന്ന് തലകീറി , തുന്നിചേര്‍ത്ത്
വെള്ള പുതച്ച് നിന്‍ തറവാട്ടിലേക്ക്.

നിന്റെ റീന പോലും ഒരിറ്റു കണ്ണീര്‍
നിന്‍ വിധിയോര്‍ത്ത് പൊഴിച്ചതില്ല.
അല്ലെങ്കില്‍ തന്നെ എന്ത് വിധി?
"വിഷാദ"മെന്ന പേരില്‍ വലിച്ചിട്ടതല്ലേ !

സമരമുഖങ്ങളില്‍ തോള്‍ ഒത്തു നിന്നു,
കൂട്ടുകാര്‍ കൂടുമ്പോള്‍ നേതാവായി നിന്നു.
പറഞ്ഞില്ലറിഞ്ഞില്ല, നമ്മളൊന്നും,
ഇതാണ് സൗഹൃദം നിന്റെ കണ്ണില്‍ !

എന്നും എവിടെയും ഒന്നാമതായി നിന്ന
നിന്റെ മോള്‍ ഇന്നൊരു പിന്നോക്കക്കാരി .
റീനയേം നിസ്സംഗയാക്കി നീ പോയിട്ട്
എന്ത് നേടി, ആരെ നീ തോല്പിച്ചു?

ജയാ, പറയുക, നിന്റെ കൂടെയുള്ളവരോട്‌
പൊഴിക്കില്ല കണ്ണീര്‍ നിങ്ങളെയോര്‍ത്ത്
ഓര്‍ക്കുന്നത് നിങ്ങടെ നാവു കടിച്ചുള്ള,
നുര വന്ന, തലയറ്റ വികൃത മുഖം മാത്രം.

(ഭാര്യയെയും, മിടുക്കിയായ മോളെയും ഇട്ട് എറിഞ്ഞ് എല്ലാ സൌഭാഗ്യങ്ങളുടെയും സന്തോഷത്തിന്റെയും ഇടയില്‍ നിന്നു യാത്രയായ ജയപ്രകാശിന് ഒരു സുഹൃത്തിന്റെ കത്ത് ...)

Wednesday, February 23, 2011

നിന്‍ നിറമെന്ത്?

ഇരുള്‍ മൂടി , ചെളിയേറി നില്‍ക്കും തടാകത്തില്‍
എങ്ങുനിന്നൊരു താമര തണ്ടായി നീ വന്നു?
വെയിലില്ല, കാറ്റില്ല, പുളയ്ക്കുന്ന മീനില്ല
നിശ്ചലം നിര്‍ജീവം, ചുറ്റും മുള്‍ക്കാടുകള്‍.

മുകുളം വന്നിട്ട് ദിനങ്ങള്‍ കഴിഞ്ഞിട്ടും
വിരിയാത്തതെന്തു നീ, വെറുതെ കൊഴിയാനോ?
ഇത്തടാകത്തില്‍ വിരിയുവാന്‍ തന്നെയോ?
സൂര്യനെ കാണുവാന്‍ വെമ്പലില്ലേ നിന്നില്‍?

രാത്രി മുഴുവന്‍ ഞാന്‍ കണ്‍ പാര്ത്തിരിക്കാം
ഒരു ദലമെങ്കിലും വിടര്‍ന്നു കാണാന്‍
മോഹിക്കുന്നില്ല നിന്‍ കാന്തി നുകരുവാന്‍
ഒന്ന് മാത്രം മതി, നിന്‍ നിറമെന്ത്?

സ്പന്ദനം .

വിങ്ങുന്ന ഹൃദയത്തില്‍ പഞ്ചാരി മുറുകുമ്പോള്‍
ചോര ഞരമ്പില്‍ കുതിച്ചു പായും നേരം
ഓര്‍ക്കുക നീ സഖീ, ഉന്മാദം അല്ലെനി-
ക്കെന്റെ സ്മൃതികളില്‍ നിന്‍രൂപം തെളിഞ്ഞതാ..

തേങ്ങുന്ന ഹൃദയം വിളംബിതമാകുമ്പോള്‍
എന്‍ ജീവസ്പന്ദനം നിലച്ചപോലാവുമ്പോള്‍
പേടിക്ക വേണ്ട നീ, സ്വച്ഛന്ദ മൃത്യുവല്ലി-
തു സ്വപ്നം കണ്ടു ഞാന്‍ നന്നായുറങ്ങുന്നു.

എന്‍ ഹൃദയത്തിന്‍ മിടിപ്പുകള്‍ തന്‍താളം
എന്നോ ക്രമം തെറ്റി തുടര്‍ന്നിടുന്നു?
എന്നത് പഴയപോള്‍ താളത്തിലാവുമോ
അന്ന് ഞാന്‍ കാണുന്നു എന്‍ മരണം.

Sunday, February 20, 2011

ദൂരമില്ലൊരുപാട്

ഇന്ന് ഫെബ്രുവരി 21
ചൂളം വിളിച്ചു പോം തീവണ്ടിയൊന്നില്‍ നീ
യാത്ര ചെയ്യുന്നു എന്നരികിലൂടെ ..
ദൂരമില്ലൊരുപാട്, സ്റ്റേഷനില്‍ എത്തുവാന്‍.
ഓഫീസില്‍ തിരക്കുണ്ട്‌ , തിങ്കളാഴ്ച തന്നെ..
രാവേറെ ചെന്നും സിഗരറ്റ് പുകച്ചു ഞാന്‍
ഫയലുകള്‍ പേന കൊണ്ടുന്തി നീക്കും.
അറിയാമതെല്ലാം നിനക്കെങ്കിലും പ്രിയേ
എന്തിനെന്‍ മോഹങ്ങള്‍ തല്ലിക്കൊഴിച്ചു?
കൂട്ടുകാരോന്നിച്ചു പോകുന്നകൊണ്ടാണോ
കാണാന്‍ വരേണ്ടെന്നു ചൊല്ലിയത്?
വരുന്നില്ല ഞാന്‍ സഖി, ഏറനാടെ ക്സ്പ്രെസ്സിന്‍
ചൂളം വിളിയിതാ കേള്‍പ്പു ഞാനും
നിനക്ക് തരാനായി തമിഴത്തി പെണ്ണിനോ -
ടോത്തിരി കളി ചൊല്ലി വാങ്ങിയ മുല്ലപ്പൂ
വാഴയിലചീന്തില്‍ വാടിതുടങ്ങുന്നു
വലിച്ചെറിയട്ടെ ഞാന്‍ മുറ്റത്തേക്ക്?

Friday, February 18, 2011

എന്റെ പ്രണയിനിക്ക് ഒരു വാക്ക്..

നിറങ്ങള്‍ ഏഴും മനസ്സില്‍ വിരിയുമ്പോള്‍
മാരിവില്ലാവാതെ ഇരിക്കുവതെങ്ങനെ?
ഉള്ളില്‍ എരിയുന്നു, സൂര്യനായ് തീര്‍ന്നാലോ?
വേണ്ട, നിന്‍ കോമള ഗാത്രം കരിഞ്ഞു പോം .

സങ്കടമെന്നില്‍ മേഘമായി നിറയവേ
പേമാരി ആവാതിരിക്കുവതെങ്ങനെ?
നനുത്തൊരു ചാറ്റലായി പതിഞ്ഞു പെയ്യാന്‍
കൊതിയുണ്ട്, ഞാന്‍ കുറെ പെയ്തു തീരട്ടെ ..

പേമാരി പോല്‍ ദുഃഖം പെയ്തിറങ്ങുമ്പോള്‍
പുഴയായി ഒഴുകാതിരിക്കുവതെങ്ങനെ?
വേനലാവട്ടെ, നിന്‍ തടം വിണ്ടുണങ്ങട്ടെ..
അരുവിയായി ഒഴുകി ഞാന്‍ കുളിരേകിടാം.

കയ്യെത്താ ദൂരത്ത് നീയിരിക്കുമ്പോള്‍
കനവുകള്‍ മാത്രമല്ലാതെ മറ്റെന്തു കാണാന്‍?
ഉണര്‍വില്‍ നീ ചാരത്ത് വന്നിരുന്നീടില്‍
സ്നേഹത്തിന്‍ പനിനീര് പെയ്തു തരാം .

ഏകാന്തതയില്‍ ഞാന്‍ നീറിടുമ്പോള്‍
പ്രിയമേറും സ്വപ്നമായി മാറിടട്ടെ..
ജന്മങ്ങള്‍ കഴിഞ്ഞാണ് അണയുന്നതെങ്കിലും
പ്രണയത്തിന്‍ സ്പന്ദനം കാത്തു വയ്ക്കാം

അണയാത്ത മോഹമായി എന്നില്‍ നിറഞ്ഞാല്‍
തെളിയും ഉയിരായി ഞാന്‍ കൂടെ നില്‍ക്കാം.
എന്നും ...
നിന്റെ മാത്രം.

Thursday, February 17, 2011

ദേവി

ദേവി, നീയെന്‍ അഭിലാഷം...

ജന്മങ്ങളായുള്ള തേടലുകള്‍ക്കൊടുവില്‍

ഗതകാല പുണ്യം ഏതോ കൊണ്ടെന്‍ മുന്നില്‍

ചാരുത യാര്‍ന്നൊരു വിഗ്രഹമായ് വന്നു.

ദേവി, നീയെന്‍ പൂര്ണേനദു..

അകലെ നിന്നോളി തൂകി പുഞ്ചിരിക്കുമ്പോഴും

അരികത്തു വന്നിടാന്‍ അനുമതി തന്നില്ല.

പതിതന്‍ ഞാന്‍ നിന്മുഖം പ്ന്കിലമാക്കുമോ?

ദേവി, നീയെന്‍ സാഫല്യം..

ഒടുവിലൊരു വൃശ്ചിക ഭരണി നാളില്‍

അനുമതി തന്നു നീ കാവ് തീണ്ടാന്‍

ഋതു രക്തം കൊണ്ട് ഞാന്‍ കുങ്കുമ കുറിയിട്ടൂ .

ദേവി, നീയെന്‍ സൌഭാഗ്യം..

മഞ്ഞള്‍ പോല്‍ കല്ലില്‍ അരഞ്ഞു തീരുമ്പോഴും

നേടി ഞാന്‍ സംതൃപ്തി, എന്‍ ശരീരം നിന്‍

ആശുധികള്‍ നീക്കുന്ന അഭിഷേക ധാരയായ്.

ദേവി, നീയെന്‍ സന്നിധാനം..

ഓരോരോ യാത്രയും തീര്ഥാടനം പോലെ

ഒരു ലക്‌ഷ്യം, ഒരു മോഹം , ഒരു മാര്‍ഗ്ഗം മാത്രം

നിന്‍ സന്നിധി എന്നുടെ സായൂജ്യമെന്നും .

ദേവി , നീയെന്‍ സാന്ത്വനം ...

ഇഹലോക ദുഖങ്ങല്‍ക്കെല്ലാം പരിഹാരം

തേടുമീ ദാസനെ മാറോടു ചേര്‍ത്തു നീ

നല്കുന്നമൃതുപോലെ നിന്‍ സ്തന്യം ആവോളം.

ദേവി, നീയെന്‍ പ്രതീക്ഷ..

കൂരിരുട്ടില്‍ തടഞ്ഞു ഞാന്‍ വീഴുമ്പോള്‍

മെയ്യും മനസ്സും മുറിവേറ്റു കേഴുമ്പോള്‍

എരിയുന്ന വിളക്ക്ആയി മുന്നില്‍ നീ നിന്നൂ.

ദേവി, നീയെന്‍ ലാവണ്യം..

ചന്ദനചാര്‍ത്തില്‍ തിളങ്ങുന്നു ദേവകള്‍

തിരുനെറ്റിയില്‍ നീ ചാര്‍ത്തും ചന്ദനക്കുറി പോലും

നാണിച്ചു നിന്ന് പോം വെണ്‍മയാം ഉടലോടു.

സ്വപ്‌നങ്ങള്‍ മാത്രം ഹവിസ്സായി അര്‍പ്പിചിടാം

ദര്‍ശനം തന്നിടാതെ ഒഴിയല്ലേ ദേവി നീ

നീ തന്നെ ലക്ഷ്മിയും, നീ തന്നെ നിദ്രയും

നീ തന്നെ ഭദ്രയും, സരസ്വതി ദേവിയും .!

Sunday, February 13, 2011

നീ

പുണരുമ്പോള്‍ കൂടുതല്‍ പൂത്തു നിറയുന്ന
നീലക്കടമ്പിന്‍ മരമാണ് നീ..
ഞാനാം ശലഭത്തിന്‍ തൃഷ്ണകള്‍ തീര്‍ക്കുവാന്‍
നിറയെ മധു പേറും സുമറാണി ആണ് നീ

തഴുകുമ്പോള്‍ തരളിത മാകുന്ന വല്ലിപോല്‍്
എന്മാരില്‍ പടരുന്ന ചേതോവികാരം നീ
ഉമ്മകള്‍ നല്‍കുമ്പോള്‍ മൃദുല വികാരങ്ങള്‍
ഉടലാകെ പൊതിയുന്ന സാഗരമാണ് നീ

പിടയുന്ന നെഞ്ചിനു സാന്ത്വനം ഏകുന്ന
നിറവാര്‍ന്ന, മൃദുവായ മാറിടമാണ് നീ
കൈ വിട്ട ബാല്യത്തിന്‍ കളിചിരി നല്‍കുന്ന
തേനൂറും അമ്മിഞ്ഞ കുടമാണ് നീ

നിറം കെട്ട മോഹങ്ങള്‍ കരിഞ്ഞൊരു മരുഭൂവില്‍
അറിയാതെ പെയ്തൊരു രാത്രിമാഴയാണ് നീ
ഇരുള്‍ മൂടും മനസിന്റെ ഏകാന്ത ജാലക
ചില്ലില്‍ നിപതിക്കും ചന്ദ്രികയാണ് നീ

മിഴിനീരിന്‍ ചാലുകള്‍ ഒഴുകി ചേരുന്ന
കരുണതന്‍ സ്നേഹാര്‍ദ്ര സാഗരമാണ് നീ
എനിക്കായി തണലിന്നു വെയില്‍ മുഴുകെ ക്കൊള്ളുന്ന
ഇല കൊഴുപ്പ് ആര്ന്നൊരു വന്‍ മരം ആണ് നീ

അറിയാതെന്‍ ചുമലിന്മേല്‍ പറന്നുവന്നു അണയുന്ന ,
തേടുമ്പോള്‍ എങ്ങോ മറയുന്ന ശലഭം നീ..
വഴിയേറെ താണ്ടുവതിന്നും പ്രതീക്ഷയില്‍
നീയെന്റെ ചാരത്ത് അണയുന്ന ഓര്‍മ്മയില്‍ ...

സ്വന്തം ഞാന്‍.