Friday, October 9, 2009

നടുവിരലില്ലാത്ത തട്ടാന്‍.

ഏപ്രില്‍ മാസത്തിലെ കടുത്ത ചൂടുള്ള ഒരു പകല്‍.
ത്രിശൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളിലെ വാല്യുവേഷന്‍ ക്യാമ്പില്‍ ഒരു ദിവസം കൂടി കഴിച്ചുകൂട്ടി. രാവിലെ മുതല്‍ തുടങ്ങിയ എസ്.എസ്.എല്‍.സി പേപ്പര്‍ മൂല്യനിര്‍‌ണ്ണയം. വങ്കത്തരങ്ങളും കാണാപ്പാഠങ്ങളും ഛര്‍ദ്ദിച്ചു വച്ച 32 ഉത്തരക്കടലാസുകള്‍ നോക്കിത്തീര്‍ത്തു. ഇനി ഒരു മണിക്കൂറ് യാത്ര ചെയ്താല്‍ ഗുരുവായൂര്‍ സുഹ്രുത്തിന്റെ അടുത്ത് എത്താം. നാളെ രാവിലെ കുളിച്ചു തൊഴുത് തിരിച്ചു വാല്യുവേഷന്‍ ക്യാമ്പിലെത്താം.

സമയം നാലു മണി ആകുന്നതേ ഉള്ളൂ. ദാഹശമനത്തിന് ഒരു ബീയര്‍ ആകാമെന്ന് തോന്നി. നേരിയ തലവേദന മാറിക്കിട്ടും. രാമവര്‍‌മ്മ ക്ലബ്ബിനടുത്തുള്ള ബാറിന്റെ ഒരു മൂലയില്‍ ആളൊഴിഞ്ഞ മേശയില് ഒരു കുപ്പി ബീയറുമായി ചെന്നിരുന്നു. ഗ്ലാസ്സ് നിറച്ചതും കഴിച്ചതും പെട്ടെന്ന്! വീണ്ടും ഗ്ലാസ്സ് നിറച്ചു കാത്തിരുന്നു- നുരകള്‍ തെല്ലൊന്നു അടങ്ങാന്‍….

എതിര്‍വശത്ത് ഒരാള്‍ ഇരിക്കുന്നുണ്ട്. നേര്‍‌പ്പിച്ചിട്ടും നിറം മങ്ങാത്ത റം പകുതിയോളം ഗ്ലാസ്സില്‍ ബാക്കിയുണ്ട്. സാദാ ബാറിലെ സാധാരണ ദ്രശ്യം ആയതിനാല്‍ മറ്റൊന്നും തോന്നിയില്ല.

“ചീപ്പ് ഉണ്ടോ?”

പോക്കറ്റില്‍ നിന്ന് എടുത്തുകൊടുത്തു. അലക്ഷ്യമായിക്കിടന്ന മുടി ചീകിയൊതുക്കി തിരിച്ചുതന്നു.
“രാവിലെ മുതല്‍ തുടങ്ങിയ യാത്രയാ... അമ്മ ഒരു വീട്ടില്‍ പണിക്ക് നില്‍ക്കുകയാണ്. വിഷുവിനു വന്നശേഷം തിരിച്ചുകൊണ്ടുചെന്നാക്കാന്‍ പോയതാ! ത്രശൂര്‍ ടൌണില്‍ വന്നപ്പൊ ഒരു സിനിമ കാണണമെന്ന് പറഞ്ഞു. കാണിച്ചു കൊടുത്തു. നമ്മളെപ്പോലെയല്ലല്ലോ? ഇങ്ങനെയൊക്കെയല്ലെ അവര്‍ക്ക് ഒരു സിനിമ കാണാന്‍ പറ്റൂ..”

എത്ര ലളിതമായിട്ടാണ് സംഭാഷണം തുടങ്ങിയത്! ഭാഗ്യത്തിനു ഓവറായിട്ടില്ല. വല്ലതും സംസാരിച്ചിരിക്കാം. ഒഴിച്ചുവച്ച ബീയറ് കൂടി കുടിച്ചുതീര്‍‍ത്തു. തലയ്ക്ക് ചെറിയ ഒരു ഭാരക്കുറവ് തോന്നിത്തുടങ്ങി.
അയാള്‍ എന്തൊക്കെയോ പറയുന്നുണ്ട്. വീട്, ഭാര്യയും മക്കളും,സ്വര്‍‌ണ്ണപ്പണി, അന്നു കണ്ടസിനിമ, സിനിമയിലെ പ്രേതം, അമാനുഷീക ശക്തികള്‍,ദൈവം… എന്തിനൊക്കെയോ മറുപടി പറഞ്ഞു.

ഒരു സിഗററ്റ് വാങ്ങാമെന്നു തോന്നി. എഴുന്നേറ്റു കൌണ്ടറിലേക്കു നടക്കുമ്പൊള്‍‌ അയാള്‍ ഒരു 20 രൂപ നോട്ട് എന്റെ നേരെ നീട്ടി.” ഒരു ഉപകാരം ചെയ്യണം. ഒരു പെഗ് റം വാങ്ങിത്തരണം. എനിക്കു നടക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്.”

തിരിച്ച് വരുമ്പൊഴാണു ശ്രദ്ധിച്ചത്! അയാളുടെ ഒരു കാല്‍ ശോഷിച്ചതാണ്. ഇയാളെങ്ങനെ ഇവിടെ വന്നിരുന്നു? ഇനി എങ്ങനെ തിരിച്ചുപോകും?

“അഞ്ച് വയസ്സുള്ളപ്പോ ഒരു പനി വന്നതാ സാറേ..”

അനുകമ്പ തോന്നിയപ്പൊള്‍ കൂടുതല്‍ താല്പര്യത്തോടെ അയാളുമായി സംസാരിച്ചു. ആളൊരു സ്വര്‍‌ണ്ണപ്പണിക്കാരനാണ്. ഭാര്യയും 2 മക്കളും. വീട് ടൌണില്‍ നിന്ന് 8 കിലോമീറ്ററകലെ.
വീണ്ടും ഞങ്ങളുടെ ചര്‍‌ച്ച അമാനുഷീക ശക്തികളെപ്പറ്റിയായി. “ദൈവീകമായ എന്തോ ഒരു ശക്തി ഉണ്ട് സാറെ..അല്ലെങ്കില്‍ ഞാന്‍ ഇങ്ങനെ ആകുമോ? എന്നിട്ടും ഇങ്ങനെ ജീവിക്കുമോ?”

വിഷയം ലഘൂകരിക്കാന്‍ ശ്രമിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു" പോളിയോ പണ്ട് ധാരാളമായി ഉണ്ടായിരുന്ന രോഗമാണ്. ഇന്നത്തെപ്പോലെ വാക്സിനൊന്നും അക്കാലത്ത് പ്രചാരത്തിലില്ലാത്തതുകൊണ്ട് വന്നുപോയതല്ലെ?”

“ആയിരിക്കാം.. പക്ഷെ അതുകൊണ്ടും അവസാനിച്ചില്ലല്ലോ! സാറെന്റെ വിരലുകണ്ടോ? മെഷീനിനകത്തു പോയതാ. ഒരു ദിവസം തിരക്കിട്ട പണിക്കിടെ സഹായിക്ക് ഒരു അളവുകൊടുത്തു. ഏത്ര ചെയ്തിട്ടും ഉദ്ദേശിച്ചപോലെ വരാത്തപ്പോള്‍ ഞാന്‍ തന്നെ ചെയ്തു. ഇടയ്ക്ക് മെഷീനൊന്നു ജാമായതു പോലെ തോന്നി. അവന്‍ ചോദിച്ചു, ചേട്ടന്റെ കൈയ്ക്കു വല്ലതും പറ്റിയോ?. ഇല്ലെന്നു മറുപടി പറഞ്ഞ് നോക്കിയപ്പൊളാണ് നടുവിരലിന്റെ ഭാഗത്തു കുറച്ചു തൊലി മാത്രം”

അയാള്‍ വലതു കൈ ഉയര്‍‌ത്തിക്കാട്ടി. മുക്കാലും മുറിഞ്ഞ നടുവിരല്‍!

“ബോധം വന്നപ്പോ ഞാന്‍ ഡോക്ടറോട് ചോദിച്ചു, ഡോക്ടറേ, എനിക്കിനി പണിയാന്‍ പറ്റുമോ?. ഡോക്ടറ് പറഞ്ഞു’ എടോ.. മനസ്സുണ്ടോ, എങ്കില്‍ ഉദ്ദേശിക്കുന്നിടത്ത് കൈയെത്തും!‘ ഇപ്പോ മൂന്ന്കൊല്ലമായി. പഴയത്ര വേഗതയില്ലാത്തതിനാല്‍ പണിയൊക്കെ കുറവാ.വല്ലതും വിളക്കാനോ പിന്നെ ചെറിയ വല്ല കമ്മലൊ വളയോ ഉണ്ടാക്കാനോ മാത്രം! മടുത്തു തുടങ്ങി സാറെ..ഇനി ഒരു ആഗ്രഹമേ ബാക്കിയുള്ളൂ. കാവിയുടുക്കണം. കാശിക്കു പോകണം...പക്ഷെ ഭാര്യയേയും മക്കളേയും പറ്റി ഓര്‍‌ക്കുമ്പോള്‍ അതിനും പറ്റണില്ല.”

ബാക്കിയുള്ള ബീയറും കഴിച്ചു ഞാ‍‌ന്‍ എഴുന്നേറ്റു. വാഷ് ബേസിനില്‍ പോയി മുഖം കഴുകി തിരിച്ച് വന്നപ്പൊളേയ്ക്കും അയാള്‍ മറ്റൊരു പരിചയക്കാരനുമായി നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ചര്‍‌ച്ച തുടങ്ങിയിരുന്നു. യാത്ര പറഞ്ഞ് ഞാന്‍ പുറത്തേക്കു നടന്നു. പിരിയും നേരം അയാള്‍ കൈ എന്റെ നേരെ നീട്ടി. നടുവിരലില്ലാത്ത വലതുകൈ!

ഓട്ടോ പിടിച്ച് ശക്തന്‍ സ്റ്റാന്റിലെത്തി ഗുരുവായൂര്‍ ബസ്സില്‍ കയറി. ബീയറിന്റെ നേര്‍‌ത്ത ലഹരിയില്‍ അറിയാതെ മയങ്ങിപ്പോയി. ഗുരുവായൂ‌രെത്തിയപ്പൊഴാണ് ഉണര്‍‌ന്നത്.

സുഹ്രുത്തിന്റെ ലോഡ്ജ് മുറിയിലേക്കു നടക്കുമ്പോളും എന്റെ ഉള്ളം കൈ ചൊറിയുന്നുണ്ടായിരുന്നു…ആ സ്വര്‍‌ണ്ണപ്പണിക്കാരന്റെ നടുവിരലിന്റെ ഭാഗത്തുള്ള തഴമ്പുവീണ ഇറച്ചിക്കഷണം കൊണ്ടതിന്റെ ചൊറിച്ചില്‍!

3 comments:

  1. മുഴുവൻ വായിച്ചിട്ടില്ല....സമയം രാത്രി പന്ത്രണ്ടു മണി...ബാക്കി നാളെ

    ReplyDelete
  2. touched somewhere deep inside. waiting to read more.

    ReplyDelete